ട്രെന്റ് ബ്രിഡ്ജിൽ റൺമഴ പെയ്യിച്ച് ലാഥമും കോൺവേയും; കിവികൾ കൂറ്റൻ സ്കോറിലേക്ക്
ഷീബ വിജയൻ
ട്രെന്റ് ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ന്യൂസിലൻഡിന് കൂറ്റൻ സ്കോർ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവികൾക്കായി ഓപ്പണർമാരായ ഡെവോൺ കോൺവേയും ടോം ലാഥമും തകർപ്പൻ സെഞ്ചുറികൾ നേടി. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ന്യൂസിലൻഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 361 റൺസ് എന്ന ശക്തമായ നിലയിലാണ്. 157 റൺസെടുത്ത ഡെവോൺ കോൺവേയും 151 റൺസെടുത്ത ടോം ലാഥമുമാണ് കിവികളുടെ ഇന്നിങ്സിന് കരുത്തുപകർന്നത്.
ഇംഗ്ലീഷ് ബൗളർമാരെ പൂർണ്ണമായി നിഷ്പ്രഭരാക്കിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 317 റൺസാണ് പടുത്തുയർത്തിയത്. പകൽ മുഴുവൻ ഒരു വിക്കറ്റിനായി കൈയും മെയ്യും മറന്ന് പോരാടിയ ഇംഗ്ലണ്ടിന് ഒടുവിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സാണ് രക്ഷകനായത്. 317 റൺസിന്റെ വമ്പൻ കൂട്ടുകെട്ട് പൊളിച്ച് ടോം ലാഥത്തെ കൂടാരം കയറ്റിയ സ്റ്റോക്സ് ഇംഗ്ലീഷ് പടയ്ക്ക് പുതുജീവൻ നൽകി. തുടർന്ന് ഇംഗ്ലീഷ് ബൗളർമാർ മത്സരത്തിലേക്ക് ശക്തമായി ഇരച്ചുകയറുന്നതാണ് പിന്നീട് കണ്ടത്. ഒന്നാം ദിവസത്തെ അവസാന ഓവറുകളിൽ അപകടകാരിയായ രചിൻ രവീന്ദ്രയെ ഏഴ് റൺസിന് ഗുസ് അറ്റ്കിൻസണും, ക്രീസിൽ ഉറച്ചുനിന്ന ഹെൻറി നിക്കോൾസിനെ 36 റൺസിന് ജോഫ്ര ആർച്ചറും പുറത്താക്കി.
dsfdsads

