ബാങ്ക് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്: ഏഷ്യക്കാരന് അഞ്ച് വർഷം തടവും നാടുകടത്തലും
പ്രദീപ് പുറവങ്കര
മനാമ: ബാങ്ക് ഉദ്യോഗസ്ഥൻ ചമഞ്ഞ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഏഷ്യൻ സ്വദേശിക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി അഞ്ച് വർഷം തടവും 3,000 ബഹ്‌റൈൻ ദിനാർ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ രാജ്യത്തുനിന്ന് സ്ഥിരമായി നാടുകടത്താനും സൈബർ ക്രൈം പ്രോസിക്യൂഷൻ ഉത്തരവിട്ടു. ബാങ്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനെന്ന വ്യാജേന യുവതിയെ ഫോണിൽ വിളിച്ച് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ കൈക്കലാക്കി അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു ഇയാൾ.
തട്ടിപ്പിനിരയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇക്കണോമിക് ക്രൈംസ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് തന്ത്രപരമായി വിവരങ്ങൾ ശേഖരിച്ച ശേഷം യുവതിയുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയായിരുന്നു. തട്ടിപ്പിനായി ഉപയോഗിച്ച ബാങ്ക് അക്കൗണ്ട് പ്രതിയുടെ നിയന്ത്രണത്തിലായിരുന്നുവെന്ന് സാക്ഷിമൊഴികളിലൂടെയും ബാങ്ക് രേഖകളിലൂടെയും പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു.
അപരിചിതരിൽ നിന്ന് വരുന്ന ഇത്തരം കോളുകളോട് പ്രതികരിക്കരുതെന്നും വ്യക്തിഗത ബാങ്ക് വിവരങ്ങൾ ആരുമായും പങ്കുവെക്കരുതെന്നും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഡിജിറ്റൽ ഇടപാടുകളിൽ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരം അറിയിക്കണമെന്നും സൈബർ ക്രൈം വിഭാഗം ഓർമ്മിപ്പിച്ചു.
dsfsf

