വയനാട് ടൗൺഷിപ്പിൽ 30 വീടുകൾ കൂടി ഇന്ന് കൈമാറും; 178 വീടുകളും പൂർത്തിയായ ശേഷം മാത്രം താമസമെന്ന് ദുരന്തബാധിതർ
ശാരിക l കേരളം
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ഒരുങ്ങുന്ന ടൗൺഷിപ്പിൽ ഇന്ന് മുപ്പതോളം വീടുകൾ കൂടി സാങ്കേതികമായി കൈമാറും. ഇതോടെ ഇതുവരെ കൈമാറിയ വീടുകളുടെ എണ്ണം 83 ആകും. എന്നാൽ, വീടുകൾ ലഭിച്ച ഗുണഭോക്താക്കൾ ആരും തന്നെ ഇനിയും താമസം തുടങ്ങിയിട്ടില്ല.
ആദ്യഘട്ടത്തിലെ 178 വീടുകളുടെയും നിർമ്മാണം പൂർത്തിയായ ശേഷം ഒരുമിച്ച് താമസം ആരംഭിച്ചാൽ മതിയെന്നാണ് ദുരന്തബാധിതരുടെ തീരുമാനം. കാലവർഷം തുടങ്ങുന്നതിന് മുൻപ് ഈ വീടുകളെല്ലാം പൂർത്തിയാക്കി താമസം തുടങ്ങാനാകുമോ എന്നതിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ, ഈ മാസം അവസാനത്തോടെ 178 വീടുകളുടെയും പണി പൂർത്തിയാക്കുമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അറിയിച്ചിട്ടുണ്ട്.

