ബിഹാർ മന്ത്രിസഭ വികസനം: നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ ഉൾപ്പെടെ 27 മന്ത്രിമാർ നാളെ സത്യപ്രതിജ്ഞ ചെയ്യും
ശാരിക l ദേശീയം
പട്ന: ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ 27 മന്ത്രിമാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറും പുതിയ മന്ത്രിമാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യസഭയിലേക്ക് പോയതിനെത്തുടർന്ന് ഏപ്രിൽ 15നാണ് ബിഹാറിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി ചുമതലയേറ്റത്.
പുതിയ മന്ത്രിസഭയിലെ 27 പേരിൽ 12 പേർ ജെഡിയുവിൽ നിന്നുള്ളവരാണ്. നിഷാന്ത് കുമാറിനെക്കൂടാതെ ശ്രാവൺ കുമാർ, അശോക് ചൗധരി, ലെഷി സിങ്, മദൻ സാഹ്നി, സമ ഖാൻ, സുനിൽ കുമാർ, ഷീല മണ്ഡൺ, രത്നേഷ് സദ, ബുലോ മണ്ഡൽ, ഭഗവാൻ സിങ് കുശ്വാഹ, ദാമോദർ റാവത്ത് എന്നിവരാണ് ജെഡിയു പ്രതിനിധികൾ. ബിജെപിക്കും മന്ത്രിസഭയിൽ 12 മന്ത്രിമാരുണ്ടാകും. വിജയ് കുമാർ സിൻഹ, മംഗൾ പാണ്ഡെ, ദിലീപ് ജയ്‌സ്വാൾ, ശ്രേയസി സിങ്, അരുൺ ശങ്കർ പ്രസാദ്, ലഖീന്ദ്ര പാസ്വാൻ, രാം കൃപാൽ യാദവ് തുടങ്ങിയവരാണ് ബിജെപി പട്ടികയിലുള്ളത്.
മറ്റ് എൻഡിഎ സഖ്യകക്ഷികളായ ലോക് ജനശക്തി പാർട്ടിക്ക് (രാം വിലാസ്) മൂന്ന് സീറ്റുകളും ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്കും രാഷ്ട്രീയ ലോക് ജനതാദളിനും ഓരോ സീറ്റ് വീതവും നൽകിയിട്ടുണ്ട്. ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് ചൗധരി എന്നിവർ നേരത്തെ ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റിരുന്നു. പട്നയിലെ ഗാന്ധി മൈതാനത്ത് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്‌നാഥ് സിങ്, ജെപി നദ്ദ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും.
sdfsf

