രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല; വഞ്ചകർക്കെതിരെ കർശന നടപടിക്ക് ഉത്തരവിട്ട് ബഹ്റൈൻ രാജാവ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തിന്റെ പുരോഗതിയും ജനങ്ങളുടെ ആഗ്രഹങ്ങളും മുൻനിർത്തി ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഗവൺമെന്റ് തലത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ കൈവരിച്ച നേട്ടങ്ങളെ രാജാവ് പ്രശംസിച്ചു.
ഇറാൻ നടത്തിയ അനാവശ്യമായ ആക്രമണങ്ങളും യുദ്ധസാഹചര്യങ്ങളും രാജ്യം വിജയകരമായി അതിജീവിക്കുകയാണെന്ന് ഹിസ് മജസ്റ്റി വ്യക്തമാക്കി. പ്രതിരോധ സേനയുടെയും സുരക്ഷാ വിഭാഗത്തിന്റെയും സിവിൽ ഡിഫൻസിന്റെയും കാര്യക്ഷമതയും, പൗരന്മാർക്കിടയിലുള്ള ഐക്യവുമാണ് ഈ ഘട്ടത്തിൽ കരുത്തായത്. ഏത് സാഹചര്യത്തെയും നേരിടാൻ ഗവൺമെന്റ് സുസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധാനന്തര സാഹചര്യങ്ങൾ നേരിടാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ നിർണ്ണായക ചുമതലകൾ അദ്ദേഹം ഏൽപ്പിച്ചു. രാജ്യത്തിന്റെ പ്രതിരോധ, സാമ്പത്തിക മേഖലകളിലെ പോരായ്മകൾ പരിഹരിക്കാൻ സമഗ്രമായ പദ്ധതികൾ നടപ്പിലാക്കാൻ നിർദ്ദേശം നൽകി.
രാജ്യത്തെ വഞ്ചിക്കാൻ ശ്രമിച്ചവർക്കെതിരെയും സുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും. ബഹ്റൈൻ പൗരത്വത്തിന് അർഹതയുള്ളവർ ആരെല്ലാമെന്ന് പുനഃപരിശോധിക്കാനും അർഹതയില്ലാത്തവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളാനും രാജാവ് ഉത്തരവിട്ടു.
രാജ്യത്തിന്റെ സമാധാനത്തിനായി ഏതൊരു ത്യാഗത്തിനും നാം സന്നദ്ധരാകണം. പ്രതിസന്ധികൾ സമാധാനപരമായ മാർഗ്ഗങ്ങളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും പരിഹരിക്കാനാണ് ബഹ്റൈൻ എന്നും ആഗ്രഹിക്കുന്നതെന്ന് കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ ആവർത്തിച്ചു.
aa



