വനിതാ സംവരണ ബിൽ: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് നാളെ തുടക്കം; രാജ്യം ചരിത്രപരമായ നിയമനിർമ്മാണത്തിലേക്ക്
ശാരിക I ദേശീയം
ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിൽ നിർണ്ണായകമായേക്കാവുന്ന മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് നാളെ തുടക്കമാകും. 2029-ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വനിതാ സംവരണം നടപ്പിലാക്കുന്നതിനുള്ള സുപ്രധാനമായ ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്രസർക്കാർ നാളെ ലോക്സഭയിൽ അവതരിപ്പിക്കും.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യുന്നതാണ് നിർദ്ദിഷ്ട ബിൽ. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള വനിതകളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ സംവരണം നടപ്പിലാക്കുക. പുതിയ നിയമനിർമ്മാണത്തിലൂടെ ലോക്സഭയിലെ ആകെ അംഗബലം 850 ആയി ഉയരുമ്പോൾ വനിതാ പ്രാതിനിധ്യം 284 വരെയാകും. റൊട്ടേഷൻ വ്യവസ്ഥയിൽ നിശ്ചയിക്കുന്ന ഈ സംവരണം പ്രാഥമികമായി 15 വർഷത്തേക്കാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ബില്ലിന്മേൽ വിശദമായ ചർച്ചയ്ക്കാണ് കേന്ദ്രസർക്കാർ സമയം അനുവദിച്ചിരിക്കുന്നത്. ലോക്സഭയിൽ 18 മണിക്കൂറും രാജ്യസഭയിൽ 16 മണിക്കൂറുമാണ് ചർച്ച നിശ്ചയിച്ചിട്ടുള്ളത്. ചർച്ചയുടെ ആദ്യദിനമായ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി സഭയെ അഭിസംബോധന ചെയ്യും. വനിതാ സംവരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 131-ാം ഭരണഘടനാ ഭേദഗതി ബിൽ, ഡിലിമിറ്റേഷൻ ബിൽ, കേന്ദ്രഭരണ പ്രദേശ ഭേദഗതി ബിൽ എന്നിങ്ങനെ മൂന്ന് ഭേദഗതികളാണ് 16 മുതൽ 18 വരെ നീളുന്ന സമ്മേളനത്തിൽ അവതരിപ്പിക്കുക.
2011-ലെ സെൻസസ് വിവരങ്ങൾ മുൻനിർത്തി ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിക്കാനാണ് സർക്കാർ നീക്കം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നടത്തുന്ന മണ്ഡല പുനഃക്രമീകരണത്തിലൂടെ ഓരോ സംസ്ഥാനത്തെയും വനിതാ സംവരണ സീറ്റുകളും അതിനുള്ളിലെ പട്ടിക വിഭാഗ സംവരണവും റൊട്ടേഷൻ അടിസ്ഥാനത്തിൽ തീരുമാനിക്കും. രാജ്യത്തെ സ്ത്രീ ശാക്തീകരണ രംഗത്ത് വലിയ വിപ്ലവത്തിന് ഈ ബിൽ വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
aa




