വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; ലോക്‌സഭാ സീറ്റുകൾ 816 ആയി വർധിക്കും


ഷീബ വിജയൻ

ന്യൂഡൽഹി: പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന 'നാരീശക്തി വന്ദൻ അഭിയാൻ' ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണ്ണായകമായ ഈ തീരുമാനമുണ്ടായത്. സീറ്റുകളുടെ എണ്ണം വർധിപ്പിച്ച് വനിതാ സംവരണം നടപ്പിലാക്കുക എന്നതാണ് ഈ ഭേദഗതിയുടെ പ്രധാന ലക്ഷ്യം. ഏപ്രിൽ 16-ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ തുടർച്ചയിൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കും. മണ്ഡല പുനർനിർണ്ണയ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനായി മറ്റൊരു ബില്ലും സർക്കാർ ഇതിനൊപ്പം കൊണ്ടുവരുന്നുണ്ട്.

പുതിയ ഭേദഗതി പ്രകാരം ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543-ൽ നിന്ന് 816 ആയി ഉയരും. ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിവെക്കും. 2029-ലെ പൊതുതെരഞ്ഞെടുപ്പ് മുതലായിരിക്കും ഈ നിയമം പ്രാബല്യത്തിൽ വരിക. സ്ത്രീ സംവരണം ഏർപ്പെടുത്തുമ്പോഴും നിലവിലുള്ള പട്ടികജാതി-പട്ടികവർഗ്ഗ സംവരണം മാറ്റമില്ലാതെ തുടരും. സമാനമായ രീതിയിൽ സംസ്ഥാന നിയമസഭകളിലും സീറ്റുകളുടെ എണ്ണം വർധിപ്പിച്ച് സ്ത്രീകൾക്ക് കൃത്യമായ അനുപാതത്തിൽ സംവരണം നൽകുന്നതാണ് പുതിയ നിയമം.

2011-ലെ സെൻസസ് മാനദണ്ഡമാക്കിയായിരിക്കും മണ്ഡല പുനർനിർണ്ണയ നടപടികൾ പൂർത്തിയാക്കുക. 2027-ലെ സെൻസസിന് ശേഷം സംവരണം നടപ്പിലാക്കാമെന്നായിരുന്നു ആദ്യമെങ്കിലും അത് 2034 വരെ നീണ്ടുപോയേക്കുമെന്ന ആശങ്ക പരിഗണിച്ചാണ് പഴയ സെൻസസ് തന്നെ അടിസ്ഥാനമാക്കാൻ സർക്കാർ തീരുമാനിച്ചത്. 2023 സെപ്റ്റംബറിൽ രാഷ്ട്രപതി അംഗീകാരം നൽകിയ സ്ത്രീ സംവരണ നിയമത്തിലാണ് ഇപ്പോൾ വിപുലമായ ഭേദഗതികൾ വരുത്തുന്നത്. ഇതോടെ രാജ്യത്തെ നിയമനിർമ്മാണ സഭകളിൽ സ്ത്രീകളുടെ പങ്കാളിത്തം വലിയ തോതിൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

article-image

czcvdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed