ബഹ്റൈനിൽ ജീവിതച്ചെലവ് ആനുകൂല്യം കൈപ്പറ്റുന്നവർ 1.38 ലക്ഷം കടന്നു; കണക്കുകൾ പുറത്തുവിട്ട് സാമൂഹിക വികസന മന്ത്രാലയം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ബഹ്റൈനിൽ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കായി നൽകിവരുന്ന ജീവിതച്ചെലവ് ആനുകൂല്യം കൈപ്പറ്റുന്നവരുടെ എണ്ണം 1.38 ലക്ഷം കവിഞ്ഞതായി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. എം.പി അലി സഖറിന് നൽകിയ മറുപടിയിലാണ് മന്ത്രാലയം ഈ കണക്കുകൾ വ്യക്തമാക്കിയത്. 2026 മാർച്ചിലെ പേയ്മെന്റ് കണക്കുകൾ പ്രകാരം ആകെ 1,38,909 ഗുണഭോക്താക്കളാണ് നിലവിൽ ഈ പദ്ധതിക്ക് കീഴിലുള്ളത്.
കുടുംബനാഥന്റെ മാസവരുമാനം അടിസ്ഥാനമാക്കി മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായാണ് സർക്കാർ ഈ ധനസഹായം വിതരണം ചെയ്യുന്നത്. പ്രതിമാസം 300 ദീനാറോ അതിൽ കുറവോ വരുമാനമുള്ള 44,780 കുടുംബങ്ങൾക്ക് 130 ദീനാർ വീതം സഹായധനം ലഭിക്കുന്നുണ്ട്. വരുമാനം 301 മുതൽ 700 ദീനാർ വരെയായ 59,258 ഗുണഭോക്താക്കൾക്ക് 97 ദീനാർ വീതവും, 701 മുതൽ 1,000 ദീനാർ വരെ വരുമാനമുള്ള 34,871 പേർക്ക് 75 ദീനാർ വീതവുമാണ് അനുവദിച്ചിരിക്കുന്നത്.
കുടുംബനാഥന്റെ വരുമാനം മാത്രമാണ് ഈ ആനുകൂല്യത്തിനുള്ള പ്രധാന യോഗ്യതയായി പരിഗണിക്കുന്നത്. ഇതിൽ ഭാര്യയുടെ വരുമാനം ഉൾപ്പെടുത്തില്ലെന്ന് മന്ത്രാലയം പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. മാസവരുമാനം 1,000 ദീനാറിന് മുകളിലുള്ള കുടുംബങ്ങളെ ഈ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സ്വദേശി കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ നൽകിവരുന്ന ഈ സഹായം വലിയൊരു വിഭാഗം ജനങ്ങൾക്ക് ആശ്വാസകരമാണ്.
dfh




