ഇറാൻ വിഷയത്തിൽ ട്രംപിന് ഉറച്ച പിന്തുണയുമായി റിപ്പബ്ലിക്കൻ പാർട്ടി
ശാരിക I അന്തർദേശീയം
ടെക്സസ്: വരാനിരിക്കുന്ന നിർണ്ണായകമായ മിഡ്ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഇറാനിലെ അമേരിക്കൻ സൈനിക നീക്കങ്ങൾക്ക് ട്രംപിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി. ടെക്സസിലെ ഗ്രേപ്വൈനിൽ നടന്ന വാർഷിക കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിലാണ് പാർട്ടിയുടെ പ്രമുഖ നേതാക്കളും പ്രവർത്തകരും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഇറാൻ വിഷയത്തിൽ ട്രംപിന്റെ ജനപ്രീതിയിൽ ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ പിന്തുണ എന്നതും ശ്രദ്ധേയമാണ്. പ്രമുഖ ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് നേതാക്കൾ, ട്രംപിന്റെ മുൻ ഉപദേഷ്ടാക്കൾ, ഇറാനിയൻ രാഷ്ട്രീയ പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. "മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ" പ്രസ്ഥാനത്തിന്റെ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് ഇറാന്റെ മേലുള്ള സൈനിക നടപടിയുടെ ധാർമ്മിക വശങ്ങളെക്കുറിച്ചാണ് നേതാക്കൾ സംസാരിച്ചത്.
അതേസമയം ഇറാനുമായുള്ള യുദ്ധത്തിന്റെ ഫലപ്രാപ്തിയിൽ ഭൂരിഭാഗം അമേരിക്കക്കാരും സംശയാലുക്കളാണ്. ആഗോള വിപണിയിലെ തകർച്ചയും ഇന്ധനവില വർദ്ധനവും ട്രംപിന് മേൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ലേറ്റസ്റ്റ് റോയിട്ടേഴ്സ്/ഇപ്സോസ് സർവ്വേ പ്രകാരം ട്രംപിന്റെ ജനപ്രീതി 36 ശതമാനമായി താഴ്ന്നിരിക്കുകയാണ്. എങ്കിലും റിപ്പബ്ലിക്കൻ പാർട്ടിയിലെ 74 ശതമാനം ആളുകളും ഇപ്പോഴും ഈ സൈനിക നീക്കത്തെ പിന്തുണയ്ക്കുന്നു.
പ്രമുഖ ഇവാഞ്ചലിസ്റ്റ് നേതാവായ റെവറന്റ് ഫ്രാങ്ക്ലിൻ ഗ്രഹാം ഈ യുദ്ധത്തെ മതപരമായ വീക്ഷണകോണിലൂടെയാണ് അവതരിപ്പിച്ചത്. ഇസ്രായേലിന്റെ നിലനിൽപ്പിനും ജൂത ജനതയെ ആണവ ഭീഷണിയിൽ നിന്ന് രക്ഷിക്കാനും ട്രംപിന്റെ ഈ തീരുമാനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ പ്രധാന വോട്ട് ബാങ്കായ ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികൾക്കിടയിൽ ഈ നിലപാടിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
ഇറാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധി ഇറാനിയൻ അമേരിക്കക്കാരും സമ്മേളനത്തിൽ പങ്കെടുത്തു. ഇസ്ലാമിക ഭരണകൂടത്തിന് കീഴിൽ ജീവിക്കുന്നതിനേക്കാൾ ഭയാനകമല്ല സൈനിക നീക്കങ്ങളെന്ന് ഇവർ അഭിപ്രായപ്പെട്ടു.
adsdsasadds



