ധാരണക്കായി ഇറാൻ യാചിക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്
പ്രദീപ് പുറവങ്കര
വാഷിംഗ്ടൺ: ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും തകർത്തതായും രാജ്യം വൻ പ്രതിസന്ധിയിലാണെന്നും യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ യാചിക്കുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ മിസൈൽ, ഡ്രോൺ, കപ്പൽ കേന്ദ്രങ്ങൾ തകർത്തതായും ഇറാന്റെ നാവികശക്തി ഇപ്പോൾ നിലവിലില്ലെന്നും വ്യോമാതിർത്തിയിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ ആധിപത്യം സ്ഥാപിച്ചതായും ട്രംപ് അവകാശപ്പെട്ടു.
അമേരിക്കൻ ആക്രമണം ഉണ്ടായിരുന്നില്ലെങ്കിൽ ഇറാൻ നാല് ആഴ്ചയ്ക്കുള്ളിൽ ആണവായുധം കൈക്കലാക്കുമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ആണവ മോഹം ഇറാൻ പൂർണ്ണമായും ഉപേക്ഷിക്കണം. ഇപ്പോൾ ഇറാൻ ചർച്ചകൾക്കായി യാചിക്കുകയാണ്. കരാറിന് അവർ തയ്യാറാണെങ്കിലും താൻ അതിന് ഉറപ്പ് നൽകുന്നില്ല. ഉടമ്പടി ഉണ്ടായില്ലെങ്കിൽ ഇറാനെതിരെയുള്ള ബോംബാക്രമണം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാത്ത ബ്രിട്ടന്റെയും നാറ്റോയുടെയും നിലപാട് നിരാശാജനകമാണെന്ന് ട്രംപ് പറഞ്ഞു. നാറ്റോ ഒരു 'പേപ്പർ ടൈഗർ' ആണെന്നും അമേരിക്കയെ കൈവിട്ട നടപടി മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് രാജ്യങ്ങൾ നിഷ്പക്ഷത പാലിച്ചിട്ടും ഇറാൻ അവരെ ആക്രമിച്ചതായും ട്രംപ് ചൂണ്ടിക്കാട്ടി.
ഇറാൻ സൈന്യം ഇപ്പോൾ നാഥനില്ലാത്ത അവസ്ഥയിലാണെന്ന് യുഎസ് പ്രതിരോധ മന്ത്രി ബെത്ത് ഹെഗ്സെത്ത് പറഞ്ഞു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർന്നു കഴിഞ്ഞു. ചർച്ചകൾ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അത് "ബോംബുകൾക്കും വെടിയുണ്ടകൾക്കും നടുവിൽ" മാത്രമേ നടക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ 47 വർഷമായി അമേരിക്കയുമായി യുദ്ധത്തിലാണെന്നും എന്നാൽ ഇപ്പോൾ അവർ ചരിത്രത്തിലെ ഏറ്റവും ദുർബലമായ അവസ്ഥയിലാണെന്നും വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോയും അഭിപ്രായപ്പെട്ടു.
aa



