മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിച്ച് ബഹ്റൈൻ; 500-ലേറെ എണ്ണം തകർത്തു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ ഭീകരാക്രമണങ്ങളെ ബഹ്റൈൻ പ്രതിരോധ സേന വിജയകരമായി നേരിടുന്നതായി ജനറൽ കമാൻഡ് അറിയിച്ചു. ക്രൂരമായ അധിനിവേശം ആരംഭിച്ചത് മുതൽ ഇതുവരെ ബഹ്റൈനെ ലക്ഷ്യമിട്ടെത്തിയ 154 ബാലിസ്റ്റിക് മിസൈലുകളും 350 ഡ്രോണുകളും സേനയുടെ ആധുനിക പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ആകാശത്തുവെച്ച് തന്നെ തകർത്തു.
രാജ്യത്തിന്റെ ആകാശം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിൽ സൈന്യം പുലർത്തുന്ന അതീവ ജാഗ്രതയെയും പ്രവർത്തനക്ഷമതയെയും ജനറൽ കമാൻഡ് അഭിനന്ദിച്ചു. സിവിലിയൻ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്നും ഇത് പ്രാദേശിക സമാധാനത്തിന് വലിയ ഭീഷണിയാണെന്നും പ്രസ്താവനയിൽ പറയുന്നു.
സുരക്ഷ മുൻനിർത്തി പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സൈന്യം നിർദ്ദേശിച്ചു. അപകടം നടന്ന സ്ഥലങ്ങളിൽ നിന്നോ സംശയാസ്പദമായ വസ്തുക്കളിൽ നിന്നോ പൂർണ്ണമായും വിട്ടുനിൽക്കണം. സൈനിക നീക്കങ്ങളുടെയോ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച ഇടങ്ങളുടെയോ ചിത്രങ്ങൾ പകർത്തുന്നത് ഒഴിവാക്കണം. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സർക്കാർ മാധ്യമങ്ങൾ വഴിയുള്ള അറിയിപ്പുകളും മുന്നറിയിപ്പുകളും മാത്രം പിന്തുടരണമെന്നും ബി.ഡി.എഫ് ജനറൽ കമാൻഡ് ഓർമ്മിപ്പിച്ചു.
asasasas



