വായ്പ തിരിച്ചടവ്: ബാങ്കുകളുടെ ഭീഷണിക്ക് തടയിടാൻ ആർബിഐയുടെ കർശന മാർഗനിർദേശം
ശാരിക l ദേശീയം
മുംബൈ: വായ്പ തിരിച്ചടക്കാത്തവരുടെ മേൽ ബാങ്കുകൾ നടത്തുന്ന ഭീഷണിയും പീഡനവും അവസാനിപ്പിക്കാൻ കർശനമായ കരട് മാർഗനിർദേശങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). വായ്പ റിക്കവറി നടപടികൾക്കിടെ ബാങ്കുകളുടെ പീഡനം മൂലം നിരവധി പേർ ജീവനൊടുക്കിയ പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക നീക്കം. ബാങ്കുകൾക്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ബാധകമായ ഈ പുതിയ നിയമങ്ങൾ ഈ വർഷം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
പുതിയ നിർദേശങ്ങൾ പ്രകാരം, വായ്പയെടുത്തവർക്കെതിരെ റിക്കവറി ഏജന്റുമാർ കർശന നടപടികൾ സ്വീകരിക്കുന്നത് വിലക്കി. ഉപഭോക്താക്കളുടെ പരാതികൾ ആദ്യം പരിഹരിച്ച ശേഷം മാത്രമേ തിരിച്ചുപിടിക്കൽ നടപടികളിലേക്ക് കടക്കാവൂ. വായ്പ തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യം ബാങ്കുകൾ മനസ്സിലാക്കുകയും ആവശ്യമെങ്കിൽ ഇളവുകൾ നൽകുകയും വേണം. റിക്കവറി ഏജന്റിനെക്കുറിച്ചുള്ള കൃത്യമായ വിവരം ഉപഭോക്താവിനെ അറിയിച്ചിരിക്കണം. ഭീഷണിപ്പെടുത്തുകയോ, അധിക്ഷേപിക്കുകയോ, സോഷ്യൽ മീഡിയയിലൂടെയോ ഫോണിലൂടെയോ മോശം സന്ദേശങ്ങൾ അയക്കുകയോ ചെയ്യരുത്. ലോണെടുത്തവരുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ബുദ്ധിമുട്ടിക്കരുതെന്നും ആർബിഐ വ്യക്തമാക്കുന്നു.
വായ്പയുമായി ബന്ധപ്പെട്ട് ബന്ധപ്പെടാൻ കഴിയുന്ന സമയത്തിലും ആർബിഐ മാറ്റം വരുത്തി. രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെ മാത്രമേ വായ്പക്കാരെ ബന്ധപ്പെടാൻ പാടുള്ളൂ. കടം വാങ്ങിയവരെയോ ഗ്യാരന്റി നിന്നവരെയോ അല്ലാതെ മറ്റാരെയും സമീപിക്കരുത്. മരണ വീടുകളിലോ വിവാഹ ചടങ്ങുകളിലോ എത്തി ഉപഭോക്താക്കളെ കാണുന്നത് ഒഴിവാക്കണം. കൂടിക്കാഴ്ചയ്ക്ക് താല്പര്യമില്ലെന്ന് ഉപഭോക്താവ് അറിയിച്ചാൽ അത് മാനിക്കണമെന്നും ആർബിഐയുടെ കരട് രേഖയിൽ പറയുന്നു.
dfggf


