ബഹ്‌റൈനിൽ ഒരു വർഷത്തെ സേവനത്തിന് ശേഷം വിദേശികൾക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ ജോലി മാറാം


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

ബഹ്‌റൈനിലെ വിദേശ തൊഴിലാളികൾക്ക് ഒരു വർഷത്തെ സേവനം പൂർത്തിയാക്കിയാൽ നിലവിലെ തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ പുതിയ ജോലിയിലേക്ക് മാറാൻ സാധിക്കുമെന്ന് സർക്കാർ പാർലമെന്റിനെ അറിയിച്ചു. കരാർ കാലാവധി നിലനിൽക്കെ തൊഴിലാളികൾ ജോലി മാറുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എംപിമാർ സമർപ്പിച്ച നിർദ്ദേശത്തിന് മറുപടിയായാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലുള്ള നിയമസംവിധാനം തന്നെ ഈ വിഷയത്തിൽ ആവശ്യമായ വ്യക്തത നൽകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

2006-ലെ 19-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 25 പ്രകാരം, തൊഴിലുടമയുടെയോ കരാറിലെയോ അവകാശങ്ങൾ ലംഘിക്കാത്ത പക്ഷം തൊഴിലാളികൾക്ക് തൊഴിൽ മാറാവുന്നതാണ്. ഇത്തരത്തിൽ ജോലി മാറാൻ ആഗ്രഹിക്കുന്ന തൊഴിലാളി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) നിശ്ചയിച്ചിട്ടുള്ള മൂന്ന് മാസത്തെ നോട്ടീസ് കാലയളവിനുള്ളിൽ നിലവിലെ തൊഴിലുടമയെ രജിസ്റ്റർ ചെയ്ത കത്ത് വഴി അറിയിച്ചിരിക്കണം. വർക്ക് പെർമിറ്റ് കാലാവധി കഴിയുകയോ റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ, പുതിയ തൊഴിലുടമയിലേക്ക് മാറാനായി നിശ്ചിത സമയം അനുവദിക്കുന്നുണ്ട്.

അതേസമയം, ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുകയോ വർക്ക് പെർമിറ്റ് നിബന്ധനകൾ ലംഘിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ ജോലി മാറ്റം അനുവദിക്കില്ല. പുതിയ തൊഴിലുടമ നിശ്ചിത ഫീസ് അടച്ചിട്ടുണ്ടെന്നും വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (WPS), സോഷ്യൽ ഇൻഷുറൻസ് തുടങ്ങിയ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തിയ ശേഷമേ എൽഎംആർഎ അനുമതി നൽകൂ. തൊഴിലാളിയുടെ മാറ്റം മൂലം കരാർ ലംഘനമോ സാമ്പത്തിക നഷ്ടങ്ങളോ ഉണ്ടായാൽ തൊഴിലുടമയ്ക്ക് സിവിൽ കോടതി വഴി നിയമനടപടികൾ സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

article-image

sdfsd

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed