പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഫീസ് കുറയ്ക്കില്ലെന്ന് ബഹ്റൈൻ ഗവൺമെന്റ്; ഉയർന്ന ഫീസ് തുടരും


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

മറ്റ് ജിസിസി രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത അഞ്ച് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ബഹ്‌റൈനിൽ പുനർരജിസ്റ്റർ ചെയ്യുന്നതിനുള്ള 1,000 ദിനാർ ഫീസ് കുറയ്ക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഈ തുക 300 മുതൽ 700 ദിനാറായി കുറയ്ക്കണമെന്നും രേഖകൾ ശരിയാക്കാൻ 30 ദിവസത്തെ ഇളവ് അനുവദിക്കണമെന്നുമുള്ള പാർലമെന്റ് നിർദ്ദേശം സർക്കാർ തള്ളുകയായിരുന്നു. ഉയർന്ന ഫീസ് കുറഞ്ഞ വരുമാനക്കാരായ പൗരന്മാർക്ക് വലിയ ബാധ്യതയാണെന്ന് എംപിമാർ ചൂണ്ടിക്കാട്ടിയെങ്കിലും, രാജ്യത്തെ വാഹനപ്പെരുപ്പം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന നിലപാടിലാണ് സർക്കാർ.

ബഹ്‌റൈനിലെ വാഹനങ്ങളുടെ എണ്ണത്തിൽ പ്രതിവർഷം 3.26 ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നത്. 2003-ൽ ഏകദേശം 2.73 ലക്ഷം വാഹനങ്ങളുണ്ടായിരുന്ന സ്ഥാനത്ത് 2023-ൽ അത് 7.49 ലക്ഷമായി ഉയർന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത പഴയ വാഹനങ്ങളുടെ താവളമായി രാജ്യം മാറാതിരിക്കാനാണ് 2021-ലെ നിയമഭേദഗതിയിലൂടെ 1,000 ദിനാർ ഫീസ് നിശ്ചയിച്ചത്. സാധാരണഗതിയിൽ അഞ്ച് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ അനുവദിക്കാറില്ലെങ്കിലും ഈ പ്രത്യേക ഫീസ് അടച്ചാൽ നിലവിൽ അനുമതി നൽകുന്നുണ്ട്. അതേസമയം, വിദേശത്ത് ജോലി ചെയ്യുന്നതോ പഠിക്കുന്നതോ ആയ ബഹ്‌റൈനികൾക്കും നയതന്ത്ര പ്രതിനിധികൾക്കും ഈ നിയമത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. 15 ശതമാനം നികുതിക്കും കസ്റ്റംസ് ഡ്യൂട്ടിക്കും പുറമെ ഈ ഉയർന്ന ഫീസ് കൂടി നൽകേണ്ടി വരുന്നത് പൗരന്മാർക്ക് പ്രയാസമാണെന്നായിരുന്നു എംപിമാരുടെ നിലപാട്.

article-image

sddsfg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed