പ്രസവം കഴിഞ്ഞ് 75 ദിവസം; യുവതിയുടെ ശരീരത്തിനുള്ളിൽനിന്ന് കോട്ടൺ തുണി പുറത്തുവന്നു; വയനാട് മെഡിക്കൽ കോളജിൽ പ്രതിഷേധം
ഷീബ വിജയൻ
മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളജിൽ യുവതിക്ക് ചികിത്സാ പിഴവ് സംഭവിച്ചതായി പരാതി. പ്രസവം കഴിഞ്ഞ് 75 ദിവസത്തിന് ശേഷം യുവതിയുടെ ശരീരത്തിനുള്ളിൽ നിന്ന് കോട്ടൺ തുണി പുറത്തുവന്നതാണ് വിവാദമായത്. സംഭവത്തിൽ കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ മെഡിക്കൽ കോളജ് സൂപ്രണ്ട് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
സംഭവത്തെക്കുറിച്ച് യുവതി പറയുന്നത്: മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനിയായ യുവതി ഒക്ടോബർ 20-നാണ് മെഡിക്കൽ കോളജിൽ പ്രസവിച്ചത്. പ്രസവത്തിന് ശേഷം വീട്ടിലെത്തിയപ്പോൾ മുതൽ ശാരീരിക ബുദ്ധിമുട്ടുകളും അസഹ്യമായ ദുർഗന്ധവും അനുഭവപ്പെട്ടിരുന്നു. 20 ദിവസത്തിന് ശേഷം ആശുപത്രിയിലെത്തി ഡോക്ടർമാരോട് പരാതിപ്പെട്ടെങ്കിലും ഗൗരവമായി എടുത്തില്ലെന്നും ധാരാളം വെള്ളം കുടിക്കാൻ പറഞ്ഞ് മടക്കി അയക്കുകയുമായിരുന്നു എന്നും യുവതി ആരോപിക്കുന്നു. സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്താൻ അധികൃതർ തയ്യാറായില്ല.
ഒടുവിൽ കഴിഞ്ഞ ദിവസം ശുചിമുറിയിൽ ഇരിക്കവെയാണ് ശരീരത്തിനുള്ളിൽ നിന്ന് തുണിക്കെട്ട് പുറത്തുവന്നത്. പ്രസവസമയത്ത് രക്തസ്രാവം തടയാൻ വെച്ച തുണി പുറത്തെടുക്കാൻ മറന്നുപോയതാണ് ദുരിതത്തിന് കാരണമായത്. മാരകമായ അണുബാധയുണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നും യുവതി കൂട്ടിച്ചേർത്തു.
യുവതിയുടെ പരാതിയെ തുടർന്ന് മന്ത്രി ഒ.ആർ. കേളുവിന്റെ ഓഫീസ് ഇടപെടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ചികിത്സാ പിഴവ് വരുത്തിയ ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
asdsadadssa

