സി.ആർ വിൽപ്പന കരാറിന് നിയമസാധുതയില്ല; 24,000 ദിനാറിന്റെ കേസ് ബഹ്‌റൈൻ കോടതി തള്ളി
പ്രദീപ് പുറവങ്കര / മനാമ
മനാമയിലെ ഒരു ബിസിനസ് സ്ഥാപനത്തിന്റെ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ (സി.ആർ) വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തിൽ 24,000 ബഹ്‌റൈൻ ദിനാർ തിരിച്ചുപിടിക്കണമെന്ന ആവശ്യം സിവിൽ കോടതി തള്ളി. 30,000 ദിനാറിന് സി.ആർ വിൽക്കാൻ കരാറുണ്ടാക്കിയ വ്യക്തി, തനിക്ക് ലഭിക്കാനുള്ള ബാക്കി തുക ഈടാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയിലാണ് കോടതി ഈ സുപ്രധാന വിധി പ്രസ്താവിച്ചത്.
ബഹ്‌റൈൻ നിയമപ്രകാരം ഒരു ബിസിനസ് സ്ഥാപനത്തിന്റെ വിൽപന കേവലം ഒരു സ്വകാര്യ കരാർ വഴി മാത്രം സാധ്യമാകില്ലെന്ന് കോടതി വ്യക്തമാക്കി. വിൽപന കരാർ നോട്ടറി പബ്ലിക് മുമ്പാകെ സാക്ഷ്യപ്പെടുത്തുകയും കൊമേഴ്‌സ്യൽ രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യേണ്ടത് നിർബന്ധമാണ്. കൂടാതെ വിൽപനയുടെ സംഗ്രഹം ഒരു പ്രാദേശിക പത്രത്തിൽ പരസ്യപ്പെടുത്തണമെന്നും നിയമം അനുശാസിക്കുന്നുണ്ട്.
ഈ കേസിൽ ഹാജരാക്കിയ കരാർ നോട്ടറി പബ്ലിക് മുമ്പാകെ സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്ന് ഇരുഭാഗവും കോടതിയിൽ സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാത്ത സ്വകാര്യ വിൽപന കരാർ പൂർണ്ണമായും അസാധുവാണെന്ന് ജഡ്ജിമാർ വിധിച്ചു. നിയമപരമായി നിലനിൽപ്പില്ലാത്ത ഇത്തരം അസാധുവായ ഒരു കരാറിന്റെ അടിസ്ഥാനത്തിൽ പണമോ മറ്റ് ആനുകൂല്യങ്ങളോ അവകാശപ്പെടാൻ കഴിയില്ലെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.
rer

