വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുമായി ഒത്തുതീർപ്പ്; സിപിഐഎമ്മിനുള്ളിൽ ഭിന്നത രൂക്ഷം
ശാരിക / തിരുവനന്തപുരം
യൂണിവേഴ്സിറ്റി വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഒത്തുതീർപ്പിലെത്തിയ നീക്കത്തിനെതിരെ സിപിഐഎമ്മിനുള്ളിൽ വലിയ പ്രതിഷേധം ഉയരുന്നു. വിസി നിയമനത്തിന് തൊട്ടുപിന്നാലെ കേരള സർവകലാശാല രജിസ്ട്രാർ അനിൽകുമാറിനെ പുറത്താക്കുക കൂടി ചെയ്തതോടെ പാർട്ടിയിലെ അതൃപ്തി പുകയുകയാണ്. ഗവർണറുമായുള്ള ഈ ധാരണയെക്കുറിച്ച് വിശദീകരിച്ച സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനമാണ് നേതാക്കൾ ഉന്നയിച്ചത്. ഇത്തരം ഒത്തുതീർപ്പുകൾ പാർട്ടിക്ക് വലിയ രാഷ്ട്രീയ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പും നേതാക്കൾ നൽകി.
പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സംഭവം മുൻനിർത്തിയാണ് പല നേതാക്കളും മുഖ്യമന്ത്രിക്കെതിരെ നിലപാടെടുത്തത്. സർവകലാശാലാ വിഷയത്തിൽ മുൻപ് ഗവർണർക്കെതിരെ ശക്തമായ തെരുവുസമരങ്ങൾ നയിച്ച സിപിഐഎമ്മിന്റെ വിദ്യാർത്ഥി യുവജന സംഘടനകൾ സർക്കാരിന്റെ ഈ ഒത്തുതീർപ്പ് നിലപാടിൽ ഇതുവരെ പ്രതികരണം വ്യക്തമാക്കിയിട്ടില്ല. സിസ തോമസിനെ സാങ്കേതിക സർവകലാശാലയിൽ വിസിയായി നിയമിച്ചതിനെതിരെ പൊരുതിയ സർക്കാർ, ഇപ്പോൾ കേരള സർവകലാശാലയിലും ഗവർണർക്ക് വഴങ്ങിയെന്നാണ് പാർട്ടി നേതാക്കൾക്കിടയിലെ സംസാരം.
ശാസ്താംകോട്ട ഡി ബി കോളജ് പ്രിൻസിപ്പലായിരുന്ന അനിൽകുമാറിനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലായിരുന്നു രജിസ്ട്രാറായി പുനർനിയമിച്ചത്. എന്നാൽ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈയിൽ അദ്ദേഹത്തെ രജിസ്ട്രാർ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നുണ്ടായ പ്രതിഷേധങ്ങളിലും നിയമപോരാട്ടങ്ങളിലും സർക്കാർ അനിൽകുമാറിനൊപ്പമാണ് നിന്നതെങ്കിലും ചാൻസലർ വിസി മോഹനൻ കുന്നുമ്മലിനെ പിന്തുണയ്ക്കുകയാണുണ്ടായത്. ഒടുവിൽ നടന്ന സിൻഡിക്കേറ്റ് യോഗത്തിലും തീരുമാനമാകാതെ വന്നതോടെ അനിൽകുമാറിന്റെ സസ്പെൻഷൻ ഇപ്പോഴും തുടരുകയാണ്. സർക്കാരും ഗവർണറും തമ്മിലുണ്ടായ ഈ പുതിയ ധാരണയിൽ അനിൽകുമാറിന് സ്ഥാനം നഷ്ടമായതോടെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കിടയിൽ ആശയക്കുഴപ്പം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയോ അനിൽകുമാറോ സിൻഡിക്കേറ്റ് അംഗങ്ങളോ ഇതുവരെ തയ്യാറായിട്ടില്ല.
cxcxvb
