ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ അറസ്റ്റിൽ


ശാരിക / തിരുവനന്തപുരം

ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അറസ്റ്റ് ചെയ്തു. 2019-ൽ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണപ്പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തുവിട്ടതുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പുവെച്ച ഉദ്യോഗസ്ഥരിൽ ഒരാളാണ് അന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ശ്രീകുമാർ.

ഇന്നലെ രാവിലെ തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ എസ്.ഐ.ടി. ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇദ്ദേഹം സമർപ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്നലെ പരിഗണിച്ചിരുന്നില്ല. സ്വർണ്ണപ്പാളി കൊണ്ടുപോകാനുള്ള തീരുമാനമെടുത്തത് മുരാരി ബാബു അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന കാലയളവിലായിരുന്നു. നേരത്തെ ശ്രീകുമാറിന്റെയും ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെത്തുടർന്ന് ജയശ്രീ ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണപ്പാളിയിലെ സ്വർണ്ണം അപഹരിച്ച കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജുഡീഷ്യൽ റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി ഈ മാസം 22-ന് കോടതി പരിഗണിക്കും. കട്ടിളപ്പാളിയിലെ സ്വർണ്ണം അപഹരിച്ച കേസിലെ റിമാൻഡ് കാലാവധി ഇന്നാണ് അവസാനിക്കുന്നത്.

അതേസമയം, ഈ കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമാന്തര അന്വേഷണം നടത്തുന്നത് ഉചിതമല്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കള്ളപ്പണ ഇടപാടുകൾ പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്ന് വ്യക്തമാക്കിയ പ്രോസിക്യൂഷൻ, എന്നാൽ അന്വേഷണ രേഖകൾ ആവശ്യപ്പെട്ടുള്ള ഇ.ഡിയുടെ നീക്കത്തെ എതിർത്തു. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ എഫ്.ഐ.ആറും അന്വേഷണ രേഖകളും ആവശ്യപ്പെട്ട് ഇ.ഡി. നൽകിയ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പ്രസ്താവിക്കും. എഫ്.ഐ.ആർ. കൈമാറുന്നതിൽ വിരോധമില്ലെങ്കിലും കേസിലെ മുഴുവൻ രേഖകളും നൽകുന്നത് നിലവിലെ അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം.

article-image

മംനംമന

You might also like

  • Straight Forward

Most Viewed