അറുപത് രാജ്യങ്ങൾ സൈക്കിളിൽ: പതിനാല് ദിവസത്തെ ബഹ്റൈൻ സന്ദർശനം പൂർത്തീകരിച്ച് കേരള സൈക്ലിസ്റ്റ് അരുൺ തഥാഗത്
പ്രദീപ് പുറവങ്കര
ഭൂമിശാസ്ത്രപരവും രാഷ്ട്രീയപരവുമായ അതിരുകളാൽ പലപ്പോഴും വേർതിരിക്കപ്പെടുന്ന ഒരു ലോകത്ത്, കേരളത്തിൽ നിന്നുള്ള ദീർഘദർശിയായ സൈക്കിൾ യാത്രികൻ അരുൺ തഥാഗത് തീർത്തും വ്യത്യസ്തനാവുകയാണ്. അതിരുകളില്ലാത്ത ഒരു ലോകത്തിലെ ഐക്യം സ്വപ്നം കണ്ട് സൈക്കിളിൽ അറുപതോളം രാജ്യങ്ങളിലാണ് അദ്ദേഹം ഇപ്പോൾ യാത്ര ചെയ്തിരിക്കുന്നത്.
സാധരാണ ആളുകൾ നടത്താറുള്ളത് പോലെ വലിയ ലോജിസ്റ്റിക് പ്ലാനിൽ നിന്നല്ല അരുൺ തഥാഗത് തന്റെ യാത്ര ആരംഭിച്ചത്. 2017 മുതൽക്കാണ് സൈക്കിളിൽ യാത്ര എന്ന പദ്ധതി ഗവൺമെന്റ് ജീവനക്കാരനായ അദ്ദേഹം ആരംഭിക്കുന്നത്. തുടകത്തിൽ ഇന്ത്യയൊട്ടാകെ സഞ്ചരിച്ച അദ്ദേഹം പിന്നീട് മ്യാൻമാറിലേയ്ക്കും അവിടെ നിന്ന് തായ്ലാൻഡിലേയ്ക്കും യാത്ര ചെയ്തതോടെയാണ് തന്റെ വഴി സൈക്കളോട്ടമാണെന്ന് തിരിച്ചറഞ്ഞത്.
2024ൽ അദ്ദേഹം പാരിസ് ഒളിമ്പിക്സ് വേദിയിലും തന്റെ സൈക്കിളുമായി എത്തി ചേർന്നു. ഇവിടെ നിന്ന് പിന്നീട് സ്വിറ്റ്‌സർലാൻഡ്, ജർമ്മനി, ഓസ്ട്രിയ, ഹംഗറി, സ്ലോവാക്യ തുടങ്ങി വിവിധ വിവിധ യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കും അദ്ദേഹം യാത്ര ചെയ്തു. യൂറോപ്പിൽ നിന്ന് തുർക്കി വഴി യുഎഇ, ഒമാൻ, സൗദി എന്നിവിടങ്ങളിൽ യാത്ര ചെയ്തതിന് ശേഷമാണ് അദ്ദേഹം ബഹ്റൈനിലെത്തിയത്. ബഹ്‌റൈനിൽ പതിനാല് ദിവസത്തോളം ചെലവഴിച്ച അദ്ദേഹം ഇവിടെ നിന്ന് ഖത്തറിലേയ്ക്കാണ് പോയിരിക്കുന്നത്.
“ബഹ്‌റൈന്റെ തനിമയും ആധുനികതയും സമന്വയിക്കുന്ന കാഴ്ചകൾ എന്നെ ആകർഷിച്ചു,” അരുൺ പറയുന്നു. “രാജ്യത്തുടനീളം സൈക്കിളിൽ സഞ്ചരിക്കുമ്പോൾ ലോകം എത്ര ചെറുതാണെന്നും, മനുഷ്യത്വപരമായ ദയ എത്ര സാർവത്രികമാണെന്നും നമ്മൾ തിരിച്ചറിയും. അതു കൂടുതൽ മനസിലാക്കി തന്ന രാജ്യങ്ങളിലൊന്നാണ് ബഹ്റൈനെന്നും അദ്ദേഹം പറയുന്നു.
പ്രതിരോധ ചിലവുകൾ കുറച്ച് വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് മുൻഗണന നൽകണമെന്നാണ് അരുണിന്റെ യാത്രയുടെ പ്രധാന തത്വശാസ്ത്രം. കൂടാതെ, ലോകമെമ്പാടുമുള്ള ധാരണയും സാമ്പത്തിക സഹകരണവും വളർത്തുന്നതിനായി പുരാതന വ്യാപാര പാതകളായ സ്പൈസ് റൂട്ട് പോലുള്ളവ പുനരുജ്ജീവിപ്പിക്കണമെന്നും അദ്ദേഹം വാദിക്കുന്നു.
സുസ്ഥിര ടൂറിസത്തെ ശക്തമായി പിന്തുണയ്ക്കുന്ന അരുൺ, യൂറോപ്പിലെ യൂറോവെലോ റൂട്ടുകൾക്ക് സമാനമായി മിഡിൽ ഈസ്റ്റ്, വടക്കനാഫ്രിക്കൻ (MENA) രാജ്യങ്ങളിൽ സമർപ്പിത സൈക്ലിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു.
"സൈക്ലിങ്ങ് എന്നത് ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ടൂറിസം മേഖലയിൽ വലിയ ഉണർവ് കൊണ്ടുവരും ,” അരുൺ അഭിപ്രായപ്പെട്ടു.
പാരിസീൽ നിന്നാരംഭിച്ച് രണ്ട് വർഷം നീണ്ടുനിൽക്കുന്നതും നിരവധി ഭൂഖണ്ഡങ്ങളിലൂടെ കടന്നുപോകുന്നതുമായ ഈ യാത്രയ്ക്ക് വേണ്ടി ബാങ്ക് ലോണെടുത്താണ് അരുൺ മുമ്പോട്ട് പോകുന്നത്. സ്വന്തമായി ഒരു വീടോ വാഹനമോ വാങ്ങുന്നതിന് പകരം ഇത് ജീവിതത്തിലേയ്ക്കുള്ള ഒരു നിക്ഷേമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
കനത്ത ഭാരം വഹിച്ചുള്ള ദീർഘദൂര യാത്രകൾക്കായി രൂപകൽപ്പന ചെയ്ത, അമേരിക്കൻ നിർമ്മിത സുർളി ഡിസ്‌ക് ട്രക്കർ എന്ന കരുത്തുറ്റ സൈക്കിളാണ് അരുൺ ഉപയോഗിക്കുന്നത്. 2026 അവസാനത്തോടെ തിരികെ നാട്ടിലേയ്ക്ക് എത്താമെന്ന പ്രതീക്ഷയിലാണ് അരുൺ തഥാഗത് ഇപ്പോൾ യാത്ര ചെയ്യുന്നത്.
aa
