കുവൈത്തിൽ അനധികൃത താമസക്കാർക്ക് പൊതുമാപ്പ്


രാജ്യത്ത് അനധികൃത താമസക്കാർക്ക് പൊതുമാപ്പ്. മാർച്ച് 17 മുതൽ ജൂൺ 17 വരെയാണ് പൊതുമാപ്പ് കാലാവധി. ഇത് സംബന്ധമായ തീരുമാനം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹ് പുറപ്പെടുവിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റമദാൻ മാസത്തോടനുബന്ധിച്ചും അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഭരണം ഏറ്റെടുത്തതിന്റെയും കുവൈത്തിന്റെ മാനുഷിക പ്രവർത്തനങ്ങളുടെയും ഭാഗമായാണ് തീരുമാനം.പൊതുമാപ്പ് കാലയളവിൽ അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാം. ഇത്തരക്കാർക്ക് വീണ്ടും മറ്റൊരു വിസയിൽ രാജ്യത്തേക്ക് മടങ്ങിവരാം. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് പിഴയടച്ചാൽ താമസാനുമതി രേഖ സാധുതയുള്ളതാക്കാം.   

പൊതുമാപ്പിന്റെ കാലാവധി കഴിഞ്ഞും നിയമപരമല്ലാതെ രാജ്യത്ത് തുടരുന്നവർക്ക് കടുത്ത പിഴയും ശിക്ഷയും ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽ‍കി. ഇത്തരത്തിൽ‍ പിടികൂടുന്നവർ‍ക്ക് കുവൈത്തിലേക്ക് തിരിച്ചുവരാനും കഴിയില്ല.   ജുഡീഷ്യൽ നടപടികൾ‍ നേരിടുന്നവർ‍ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സിന് അപേക്ഷ സമർ‍പ്പിക്കണമെന്ന് അധികൃതർ‍ വ്യക്തമാക്കി. കുവൈത്തിൽ ഒരു ലക്ഷത്തോളം അനധികൃത താമസക്കാരുണ്ടെന്നാണ് കണക്ക്. ഇവർക്ക് പൊതുമാപ്പ് കാലയളവ് ഉപയോഗപ്പെടുത്തി നിയമനടപടികൾ നേരിടാതെ നാട്ടിൽ പോകാൻ ഈ സൗകര്യം ഉപയോഗപ്പെടുത്താം. 2020 ഏപ്രിൽ ഒന്നു മുതൽ 30 വരെയാണ് കുവൈത്ത് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്ന് 26,224 വിദേശികൾ പൊതുമാപ്പ് പ്രയോജനപ്പെടുത്തി. 2018ൽ 57,000 ആളുകൾ പ്രയോജനപ്പെടുത്തി. 2021ൽ ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പിഴയടച്ച് വിസ സ്റ്റാറ്റസ് നിയമവിധേയമാക്കാൻ പ്രത്യേക അവസരവും നൽകിയിരുന്നു.

article-image

asdad

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed