കുവൈറ്റ് സെപ്റ്റംബറോടെ കൊവിഡ് വൈറസിനെതിരായ സാമൂഹിക പ്രതിരോധം നേടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ്

കുവൈറ്റ് സിറ്റി: കുവൈറ്റ് സമൂഹം 2021 സെപ്റ്റംബറോടെ കൊവിഡ് വൈറസിനെതിരായ സാമൂഹിക പ്രതിരോധം (Herd Immunity) നേടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ പ്രമുഖ പത്രം റിപ്പോർട്ട് ചെയ്തു. അടുത്ത ഏതാനും ആഴ്ചകൾക്കിടയിൽ രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ലഭിച്ചവരുടെ എണ്ണം 20 ലക്ഷമായി ഉയരുന്നതോടെ സാമൂഹിക പ്രതിരോധമെന്ന ലക്ഷ്യത്തിലേക്ക് കുവൈറ്റ് ഏറെ അടുത്തിരിക്കുകയാണ്. സെപ്റ്റംബറോടെ 30 ലക്ഷം പേർക്ക് കൊവിഡ് വാക്‌സിന്‍ നൽകാനാവുമെന്നാണ് കണക്കുകൂട്ടൽ. ഇത് യാഥാർത്ഥ്യമാവുന്നതോടെ സമൂഹത്തിലെ 70 ശതമാനത്തോളം ആളുകൾക്ക് വാക്‌സിൻ ലഭ്യമാവും. ഒരു സമൂഹമെന്ന നിലയ്ക്ക് പ്രതിരോധ ശേഷി ആർജിക്കുവാൻ ഇതോടെ സാധിക്കുമെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. സെപ്റ്റംബറിൽ സ്‌കൂൾ തുറക്കുന്നതിനു മുന്പായി ഈ ലക്ഷ്യം കൈവരിക്കാനാണ് കുവൈറ്റ് ലക്ഷ്യമിടുന്നത്.
രാജ്യത്ത് വാക്‌സിനേഷൻ ക്യാംപയിൻ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിലെയും മറ്റും ജീവനക്കാർക്ക് അവരുടെ ജോലി സ്ഥലങ്ങളിലെത്തി കുത്തിവയ്പ്പ് നൽകുന്നതിനുള്ള മൊബൈൽ വാക്‌സിനേഷൻ യൂണിറ്റ് കുവൈറ്റ് ആരംഭിച്ചിരുന്നു. ഇതിൻ്റെ ആദ്യഘട്ടത്തിൽ പള്ളികൾ, സഹകരണ സ്ഥാപനങ്ങൾ, ബാങ്കിംഗ് സ്ഥാപനങ്ങൾ, സിനിമാ തിയറ്ററുകൾ, ഭക്ഷ്യ ഉൽപ്പാദന സ്ഥാപനങ്ങൾ എന്നിങ്ങനെ ജനങ്ങളുമായി കൂടുതൽ അടുത്ത് ഇടപഴകുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വാക്‌സിൻ നൽകിയിരുന്നു. ഇവിടങ്ങളിൽ നിന്നായി 30,000ത്തിലേറെ പേർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിന്‍ നൽകിയത്. രാജ്യത്തെ 13 സെൻട്രൽ മാർക്കറ്റുകളിലെ 30,000ത്തോളം ജീവനക്കാർക്ക് മൊബൈൽ വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തിൽ ഇതിനകം വാക്‌സിൻ നൽകിക്കഴിഞ്ഞു. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേരിൽ വാക്‌സിൻ എത്തിക്കാനാണ് കുവൈറ്റ് സർക്കാർ ശ്രമിക്കുന്നത്.
പെരുന്നാൾ അവധി ദിനങ്ങളിൽ റസ്റ്റൊറൻ്റുകൾ, ഭക്ഷണ വിതരണ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ രജിസ്റ്റർ ചെയ്ത ജീവനക്കാർക്ക് വാക്‌സിനെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇനിയും രജിസ്റ്റർ ചെയ്യാത്ത ഇത്തരം സ്ഥാപനങ്ങളുടെ ഉടമകൾ എത്രയും വേഗം ആരോഗ്യവകുപ്പിൻ്റെ വെബ്‌സൈറ്റിൽ ജീവനക്കാരുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു. രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ള ശക്തമായ കൊവിഡ് പ്രതിരോധ നടപടികളിലൂടെ രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തോത് വലിയ തോതിൽ പിടിച്ചുനിർത്താൻ സാധിച്ചതായും വാക്‌സിനേഷന്റെ തോത് വർധിക്കുന്നതോടെ സാധാരണ ജീവിതം തിരികെ കൊണ്ടുവരാൻ കഴിയുമെന്നാണ് കരുതുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.