ഇറാൻ ബന്ധമുള്ള ശൃംഖലകൾക്കെതിരെ കർശന നടപടി: ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിൽ ഇറാൻ ബന്ധമുള്ള തീവ്രവാദ ശൃംഖലകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ വ്യക്തമാക്കി. അതേസമയം, രാജ്യത്തെ ഷിയാ വിഭാഗം ബഹ്റൈന്റെ അഭിഭാജ്യ ഘടകമാണെന്നും അവരെ ലക്ഷ്യം വെക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിറ്റി പാർട്ണർഷിപ്പ് സ്ട്രാറ്റജിയുടെ ഭാഗമായി വിവിധ വിഭാഗം പൗരന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 1979-ലെ വിപ്ലവം മുതൽ ബഹ്റൈന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ ഇടപെടാൻ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിനെതിരെയുള്ള ശത്രുതാപരമായ നീക്കങ്ങളെ പിന്തുണയ്ക്കുന്നവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. ഇതിന്റെ ഭാഗമായി ചിലരുടെ പൗരത്വം റദ്ദാക്കുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഭരണഘടനയ്ക്ക് മുന്നിൽ എല്ലാ പൗരന്മാരും തുല്യരാണെന്നും ഷിയാ വിഭാഗം ബഹ്റൈൻ സമൂഹത്തിന്റെ പ്രധാന തൂണുകളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിഘടനവാദം പ്രചരിപ്പിക്കുന്നവരെയും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകുന്നവരെയും വേരോടെ പിഴുതെറിയും. പ്രാദേശിക വെല്ലുവിളികൾക്കിടയിലും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ഭരണകൂടത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് യോഗത്തിൽ പങ്കെടുത്ത പൗരപ്രമുഖർ ഉറപ്പുനൽകി.
zddvxz

