വിഷൻ 2035 : സൗരോർജ്ജത്തിന് പ്രാമുഖ്യം നൽകുമെന്ന് ആസൂത്രണ മന്ത്രാലയം
കുവൈത്ത് സിറ്റി : രാജ്യത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള വിഷൻ 2035 വികസനപദ്ധതിയിൽ സൗരോർജ്ജത്തിന് പ്രാമുഖ്യം നൽകുമെന്ന് ആസൂത്രണമന്ത്രാലയം അറിയിച്ചു. ഇന്ധന അധിഷ്ഠിത വൈദ്യുതി കൂടാതെ പാരന്പര്യേതര മാർഗങ്ങൾ കണ്ടെത്തുന്നതിനും സർക്കാർ വിവിധ പദ്ധതികളൊരുക്കുന്നുണ്ട്.
കാറ്റിന്റെ സഹായത്തോടെയും സൗരോർജ്ജവും ഫലപ്രദമായി ഉപയോഗപ്പെടുത്തും. നിലവിൽ 15,000 മെഗാ വാട്ട് വൈദ്യുതിയാണ് പ്രതിദിന ഉൽപ്പാദനശേഷി. എന്നാൽ 2030ഓടെ പ്രതിദിന ഊർജ്ജ ഉൽപാദനമായി 32000 മെഗാ വാട്ടായി ഉയർത്തുന്നതിനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.
സൗരോർജ്ജം ഉൾപ്പെടെ വിവിധ സ്രോതസ്സുകൾ കണ്ടെത്തി പരിഷ്‌കൃതരാജ്യങ്ങളിൽ നടപ്പിലാക്കിയിട്ടുള്ള സാങ്കേതികസംവിധാനങ്ങളെ ആശ്രയിക്കുന്നതിനും ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി പുതിയ ഊർജ ഉത്പാദനകേന്ദ്രങ്ങളും അനിവാര്യമായ അടിസ്ഥാനസൗകര്യങ്ങളും ഉറപ്പ് വരുത്തും. ഭൂഗർഭ ലൈനുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വൈദ്യുതി വിതരണത്തിനായി സജ്ജീകരിക്കും.

