കേരളത്തിൽ കാലവർഷം പിന്നോട്ട്; വില്ലനായി എൽനിനോ, തിങ്കളാഴ്ച മുതൽ മഴ കുറയും!
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തി ഏതാനും ദിവസങ്ങൾക്കകം തന്നെ കാലവർഷം ദുർബലമാകുന്നു. എൽനിനോ പ്രതിഭാസമാണ് കാലവർഷം ദുർബലമാകാൻ കാരണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന.
ഇന്നും നാളെയും ഏതാനും ജില്ലകളിൽ മാത്രമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളത്. തിങ്കളാഴ്ച മുതൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല എന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനമാണ് കാലവർഷം ദുർബലമാകുന്നു എന്ന സൂചന നൽകിയത്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ പത്തനാപുരം, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുദിവസത്തെ പ്രവചനത്തിൽ തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പ് ഇല്ല.
കാലവർഷ സീസണിൽ മിതമായതോ ശക്തമായതോ ആയ എൽ നിനോയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. നിലവിൽ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിൽ എൽ നിനോ സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ട്. തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) സമയത്ത് ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സമുദ്രോപരിതലത്തിലെ താപ വർധനവിനോട് അന്തരീക്ഷം പ്രതികരിച്ചതിനാൽ സമുദ്ര-അന്തരീക്ഷ വ്യവസ്ഥകൾ ഇപ്പോൾ എൽ നിനോ സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങി. ജൂൺ മാസത്തോടെ പസഫിക്കിലെ താപനില എൽ നിനോ പരിധിയെ മറികടന്നു. ഏപ്രിൽ-മേയ്-ജൂൺ (AMJ) മാസങ്ങളിലെ മൂന്ന് മാസത്തെ ശരാശരി താപനില വ്യതിയാനം എൽ നിനോ പരിധിയായ 0.5 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി. ഇതാണ് കാലവർഷ സീസണിൽ എൽ നിനോയ്ക്ക് സാധ്യത കൽപ്പിക്കുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു. മിതമായതോ ശക്തമായതോ ആയ എൽ നിനോയ്ക്ക് ആണ് സാധ്യത നിലനിൽക്കുന്നത്.
നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ 'ന്യൂട്രൽ' (Neutral IOD) അഥവാ സാധാരണ സാഹചര്യമാണ് നിലനിൽക്കുന്നത്. കാലവർഷം അവസാനിക്കുന്നത് വരെ ഈ ന്യൂട്രൽ അവസ്ഥ തന്നെ തുടരാനാണ് സാധ്യതയെന്ന് മൺസൂൺ മിഷൻ കപ്പിൾഡ് ഫോർകാസ്റ്റ് സിസ്റ്റം സൂചിപ്പിക്കുന്നു.
ിുാൈീാൗൈ

