ഭൂമി സർവ്വേയ്ക്ക് ഡ്രോണുകൾ ഉപയോഗിക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി
ദുബൈ : ഭൂമി സർവ്വേ നടത്താൻ ഡ്രോണുകൾ ഉപയോഗിക്കുന്ന ദുബൈ മുനിസിപ്പാലിറ്റിയുടെ സേവനത്തിനു തുടക്കമായി. പരന്പരാഗത സർവ്വേ രീതിയെക്കാളും 200 ശതമാനം കൂടുതൽ വ്യക്തതനൽകുന്ന മാപ്പുകളും ഒരുപാടു സ്ഥലമെടുക്കുന്ന വലിയ പദ്ധതികൾക്ക് ത്രീ ഡി പോയിന്റുകളും ഡ്രോൺ സർവ്വേ വഴി ലഭിക്കും.
ഇതിനെടുക്കുന്ന സമയമാകട്ടെ നിലവിലുള്ള രീതിയെക്കാൾ 88 ശതമാനം കുറവുമാണ്. മുനിസിപ്പാലിറ്റിയുടെ എൻജിനീയറിംങ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജിരിയും മറ്റു ഉന്നതോദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിലാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനമുണ്ടായത്.
ഭൂവുടമകളുടെയും സ്ഥലമിടമിടപാടുമായി ബന്ധപ്പെടുന്ന സ്ഥാപനങ്ങളുടെയും കെട്ടിട നിർമ്മാതാക്കളുടെയും കോൺട്രാക്ടർ മാരുടെയും സമയം ലാഭിക്കാൻ മാപ്പുകൾ ഓൺ ലൈനായി ലഭിക്കാൻ സഹായിക്കുന്ന പുതിയ ആപ്പും ചടങ്ങിൽ അനാവരണം ചെയ്തു.
മൈ മാപ് എന്ന പുതിയ ആപ്പ് മൊബൈലിൽ ഡൗൺ ലോഡ് ചെയ്ത് വിവരങ്ങൾ നൽകിയാൽ ലാൻഡ് മാപ്പുകൾ ലഭ്യമാകും. ഇത് നടപടികളുടെ സമയം 75 ശതമാനം കുറയ്ക്കുമെന്ന് അധികൃതർ പറഞ്ഞു.

