കുവൈത്തിൽ പ്രവാസികളുടെ താമസ കാലാവധി 10 വർഷമാക്കണമെന്ന് ആവശ്യം
കുവൈത്ത് സിറ്റി : രാജ്യത്തെ പ്രവാസികളുടെ താമസ കാലാവധി 10 വർഷമാക്കണമെന്ന് ആവശ്യം. പാർലമെന്റംഗവും സാമൂഹ്യ പ്രവർത്തകയുമായ സഫ അൽ ഹിഷിമാണ് ഇക്കാര്യം പാർലിമെന്റിൽ ആവശ്യപ്പെട്ടത്. വിദേശികളുടെ കുടുംബ ആശ്രിത വിസകൾ നിർത്തലാക്കണമെന്നും അവർ ആവശ്യപ്പെട്ടു. വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് 5% നികുതി ഈടാക്കണമെന്നും വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് ഇരട്ടിയാക്കി തൊഴിലുടമകളിൽ നിന്ന് ഈടാക്കണമെന്നും സഫാ അൽ ഹാഷിം പാർലമെന്റിൽ ആവശ്യപ്പെട്ടു.
നിലവിലുള്ള ജനസംഖ്യാ അന്തരം ഇത്രയും വലിയതായി തുടരുന്നത് അപകടകരമാണ്. വിദേശ ജനസംഖ്യ സ്വദേശികളുടേതിനേക്കാൾ മൂന്നിരട്ടിയായി തുടരുകയാണ്. സർക്കാർ ഈ വിഷയത്തിൽ കർശനമായ നടപടി ആവിഷ്‌കരിക്കണമെന്നു ഹാഷിം ആവശ്യപ്പെട്ടു. വിദേശതൊഴിലാളികളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി നിർദ്ദേശങ്ങൾ സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ അവയൊന്നും പ്രാബല്ല്യത്തിൽ വരുത്തിയിട്ടില്ല. ഈ സാഹചര്യം മുതലാക്കി വിദേശികൾ ഒന്നിൽ കൂടുതൽ തൊഴിലുകൾ ചെയ്യുന്നതായും അതുമൂലം സ്വദേശികളുടെ തൊഴിൽ സാധ്യത കുറയുന്നതായും അവർ കുറ്റപ്പെടുത്തി.

