ഇറാന്റെ സാംസ്കാരിക, സൈനിക, വ്യാപാര ഓഫീസുകൾ അടച്ചിടാൻ നിർദ്ദേശവുമായി കുവൈത്ത്
കുവൈത്ത് സിറ്റി : രാജ്യത്തെ ഇറാന്റെ സാംസ്കാരിക, സൈനിക, വ്യാപാര ഓഫിസുകൾ അടച്ചിടാൻ കുവൈത്ത് നിർദ്ദേശം നൽകി. വിയന്ന കരാറിന്റെയും നയതന്ത്ര മാനദണ്ധങ്ങളുടെയും അടിസ്ഥാനത്തിലാണ് തീരുമാനങ്ങൾ എടുത്തതെന്ന് വാർത്താ വിതരണ മന്ത്രി ഷെയ്ഖ് മുഹമ്മദ് അൽ മുബാറക് അൽ സബാഹ് അറിയിച്ചു. അബ്‌ദലി ചാരക്കേസിലെ പ്രതികൾ ഇറാനിലേക്കു കടന്നതിന്റെ പശ്ചാത്തലത്തിലാണു നടപടി.
ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനും നിർദ്ദേശമുണ്ടെന്നാണ് റിപ്പോർട്ട്. എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 14ൽ നിന്ന് ഒന്പതായി ചുരുക്കണമെന്നാണു നിർദ്ദേശമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു. ഉദ്യോഗസ്ഥർക്ക് രാജ്യം വിടാൻ 45 ദിവസം സമയം അനുവദിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 15 നയതന്ത്രജ്ഞരോടു രാജ്യം വിടാൻ നിർദ്ദേശിച്ചെന്നാണ് വിവരം.
കുവൈത്തിലെ അബ്‌ദലിയിൽ നിന്നു 2015ൽ സ്‌ഫോടകവസ്‌തുക്കളും മാരകായുധങ്ങളുമായി പിടിയിലായ സംഘത്തിനെതിരായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ 14പേർ ഈയിടെ കടൽമാർഗം ഇറാനിലേക്കു കടന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇറാനും ഹിസ്ബുല്ല യ്ക്കും വേണ്ടി ചാരവൃത്തി നടത്തുന്നവരാണ് പിടിയിലായവർ എന്നും കണ്ടെത്തിയിരുന്നു. ഒളിവിൽ പോയവരുടെ ചിത്രങ്ങൾ ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ഇറാനെതിരെ നയതന്ത്രതലത്തിലുള്ള ഇടപാടുകൾ കുറയ്ക്കാൻ കുവൈത്ത് തീരുമാനിച്ചത്.
കോടതിവിധിയെ തുടർന്ന് ഒളിവിൽ പോയവർക്കു താമസ സൗകര്യമോ മറ്റു സഹായമോ ചെയ്യുന്നവർക്ക് രണ്ടുവർഷം വരെ തടവും 1000 ദിനാർ വരെ പിഴയും ശിക്ഷ നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു.കീഴ്കോടതി ഒരാൾക്കെതിരെ വിധിച്ച വധശിക്ഷ ജീവപര്യന്തമാക്കിയ സുപ്രീം കോടതി, വിട്ടയച്ച 15പേർക്കു 10 വർഷംവരെ തടവും ഒരാൾക്ക് ജീവപര്യന്തത്തിനുപകരം 15 വർഷം തടവും ജൂൺ 18നു വിധിച്ചിരുന്നു. ഇറാൻ വംശജൻ ഉൾപ്പെടെ 31പേർക്കെതിരെയായിരുന്നു കേസ്. അപ്പീൽ കോടതി വിട്ടയച്ചതിനെ തുടർന്നു ജയിലിന് പുറത്തായിരുന്നു 16 പേരും സുപ്രീം കോടതി വിധിക്കു തൊട്ടുപിന്നാലെ ഇറാനിലേക്കു കടക്കുകയായിരുന്നു.

