ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഗുരുതര പോരായ്മ: വിമർശിച്ച് ഹൈക്കോടതി
ഷീബ വിജയൻ
കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി നിരീക്ഷണം. ഓൺലൈൻ വഴിപാടുകളുടെയും ഡിജിറ്റൽ പണമിടപാടുകളുടെയും കാര്യത്തിലാണ് കോടതിയുടെ വിമർശനം. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ദേവസ്വം ബെഞ്ച് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ട വിവരങ്ങൾ ദേവസ്വം ബോർഡ് കൈമാറിയില്ലെന്നും 43 വർഷമായി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ ഓഡിറ്റ് നടത്തിയിട്ടില്ലെന്നുമുള്ള റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. ഓൺലൈൻ വഴിപാടുകളും ഡിജിറ്റൽ പണമിടപാടുകളും പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും ഓഡിറ്റിന് ആവശ്യമായ ലോഗിൻ വിവരങ്ങളും രേഖകളും ദേവസ്വം കൈമാറുന്നില്ലെന്ന് ഓഡിറ്റ് വിഭാഗം ഹൈക്കോടതിയെ അറിയിച്ചു.
സ്വർണം, വെള്ളി, വെങ്കല പാത്രങ്ങൾ, കുങ്കുമപ്പൂവ് തുടങ്ങി ക്ഷേത്രത്തിന്റെ വിവിധ ആസ്തികളുടെ കൃത്യമായ രജിസ്റ്റർ പോലും പലപ്പോഴും സൂക്ഷിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യങ്ങൾ ഗൗരവമായി പരിഗണിച്ച ഹൈക്കോടതി സംസ്ഥാന ഓഡിറ്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറോട് നാളെ നേരിട്ട് ഹാജരായി ഇതുവരെയുള്ള കണ്ടെത്തലുകളും പരിഹരിക്കേണ്ട പോരായ്മകളും വിശദീകരിക്കണമെന്ന് നിർദേശിച്ചു.
ഗുരുവായൂർ ദേവസ്വത്തിൽ കൂടുതൽ സുതാര്യവും ആധുനികവുമായ ഭരണ സംവിധാനം ഉറപ്പാക്കാൻ ആവശ്യമായ ശിപാർശകളും സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ സാമ്പത്തിക ഇടപാടുകളിൽ കർശനമായ സുതാര്യത ഉറപ്പുവരുത്തണമെന്ന് കോടതി നിർദേശിച്ചു.
adsdsdscdsds

