മന്ത്രിസഭാ പുനഃ സംഘടന ഉടനില്ല; ഗണേഷ് കുമാർ കാത്തിരിക്കണം

സംസ്ഥാന മന്ത്രിസഭാ പുനഃ സംഘടന ഉടനില്ല. നാളെ നിർണായക ഇടത് മുന്നണി യോഗം ചേരും. എൽഡിഎഫ് നേരത്തെ നിശ്ചയിച്ചത് പ്രകാരമുള്ള മന്ത്രി മാറ്റം ഉടൻ ഉണ്ടാകില്ല. ആന്റണി രാജുവും അഹമ്മദ് ദേവർ കോവിലും ഉടൻ മാറില്ല. കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും കാത്തിരിക്കേണ്ടി വരും.
പുനസംഘടന അടുത്ത വർഷം ആദ്യം നടത്താനാണ് സിപിഐഎമ്മിൽ ആലോചന. അടുത്തവർഷം ജനുവരി ആദ്യമാവും മാറ്റം ഉണ്ടാകുക. നവംബറിലെ പുനഃസംഘടന ഉണ്ടാകില്ല. കടന്നപ്പള്ളി രാമചന്ദ്രന് വിവരം നൽകി. നാളെ നടക്കുന്ന യോഗത്തിൽ ഔദ്യോഗിക തീരുമാനം അറിയിക്കും.
മന്ത്രിമാറ്റം ഉടൻ വേണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് ബി മുന്നണി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. എൽഡിഎഫ് ധാരണ അനുസരിച്ച് ഒറ്റ എംഎൽഎയുള്ള നാല് പാര്‍ട്ടികൾ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടണം. ഇതനുസരിച്ച് കാലവധി തികയുന്നത് നവംബര്‍ 20 നാണ്.
നവംബര്‍ പതിനെട്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങൾ തോറും പര്യടനത്തിനിറങ്ങും. ഇടതടവില്ലാതെ ഡിസംബര്‍ 24 വരെ നീളുന്ന തരത്തിലാണ് ജനസദസ്സിന്റെ ഷെഡ്യൂൾ. പുനസംഘടന നടന്നാൽ ഗതാഗത മന്ത്രി ആന്‍റണി രാജുവിനും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും പകരക്കാരാകും പര്യടന സംഘത്തിലുണ്ടാകുക. ഇതൊഴിവാക്കി പുനസംഘടന ജനസദസ് സമാപിച്ച ശേഷം നടക്കാനായിരുന്നു ഇതുവരെയുള്ള ധാരണ.
ോ്േോ്േോ്േോ്േ