കണ്ണൂരിൽ മലദ്വാരത്തിലും എമർജൻസി ലൈറ്റിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ രണ്ട് യാത്രക്കാരിൽ നിന്നും പോലീസ് സ്വർണം പിടികൂടി. ഒരു കോടിയിലധികം രൂപ വരുന്ന രണ്ട് കിലോയിലധികം സ്വർണമാണ് എയർപോർട്ട് പോലീസ് പിടികൂടിയത്. കൂത്തുപറമ്പ് ചിറ്റാരിപറമ്പ് സ്വദേശി നൗഫൽ, കാസർഗോഡ് ഉദുമ സ്വദേശി നിസാമുദ്ദീൻ എന്നിവരാണ് പിടിയിലായത്. കസ്റ്റംസിന്‍റെ പരിശോധനയ്ക്ക് ശേഷം പാസഞ്ചർ ടെർമിനൽ ബിൽഡിംഗിൽ നിന്നു പുറത്ത് ഇറങ്ങിയ ഇരുവരെയും സംശയം തോന്നിയതിനെ തുടർന്നു പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്നുള്ള പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശ പ്രകാരം മട്ടന്നൂർ എയർപോർട്ട് പോലീസ് സ്റ്റേഷനിലെ പോലീസുകാർ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്. ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി മസ്ക്കറ്റ്, അബുദാബി എന്നിവിടങ്ങളിൽ നിന്നും എയർ ഇന്ത്യ എക്സപ്രസിലെത്തിയവരാണ് ഇവർ.
നിസാമുദ്ദീന്‍റെ ബാഗേജിലുണ്ടായിരുന്ന എമർജൻസി ലൈറ്റിനുള്ളിൽ നിന്നും 1100 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. പേസ്റ്റ് രൂപത്തിലാക്കിയ 1156 ഗ്രാം സ്വർണം ഗുളിക രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെയാണ് നൗഫൽ പിടിയിലാകുന്നത്. തിങ്കളാഴ്ച ഷാർജയിൽ നിന്നെത്തിയ കാസർഗോഡ് ഉദുമ സ്വദേശി അബ്ദുൾ റഹ്മാനിൽ നിന്നും 67,82,000 രൂപ വരുന്ന 1130.8 ഗ്രാം സ്വർണവും പോലീസ് പിടികൂടിയിരുന്നു.
ASDSAASADS

