വീട്ടിനകത്ത് പഠിച്ചു കൊണ്ടിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പ് കടിയേറ്റു മരിച്ചു

വീട്ടിൽ പഠിച്ചു കൊണ്ടിരിക്കുകയായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചു. കാട്ടാക്കട ഒറ്റശേഖരമംഗലത്ത് സുനിലിൻ്റെ മകൻ അഭിനവ് സുനിൽ (16) ആണ് മരിച്ചത്. മുകുന്ദറ ലയോള സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അഭിനവ്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് അഭിനവിനെ വീടിനകത്ത് വച്ച് പാമ്പ് കടിച്ചത്. പഠിച്ചു കൊണ്ടിരിക്കുകയായിരുന്ന അഭിനവിന് തന്നെ എന്തോ ജീവി കടിച്ചതായി സംശയം തോന്നി. ഇക്കാര്യം അഭിനവ് അച്ഛനോട് പറയുകയും ഓട്ടോറിക്ഷാ ഡ്രൈവറായ സുനിൽ മകനെ അപ്പോൾ സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. എന്നാൽ അൽപസമയം കഴിഞ്ഞതോടെ അഭിനവിൻ്റെ ആരോഗ്യനില വഷളായി ഇതോടെ വീട്ടുകാർ കുട്ടിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും തിരുവനന്തപുരം മെഡി.കോളേജിലേക്ക് മാറ്റിയെങ്കിലും അതിനോടകം അഭിനവ് മരണപ്പെട്ടു. അഭിനവിനെ എലി കടിച്ചതാവാം എന്നായിരുന്നു വീട്ടുകാർ കരുതിയത്. എന്നാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷവും നില വഷളായതോടെയാണ് പാമ്പ് കടിച്ചതാണോയെന്ന് സംശയമുണ്ടായത്.
സംഭവം അറിഞ്ഞ നാട്ടുകാർ പൊലീസിനേയും വനംവകുപ്പിനേയും വിവരമറിയിച്ചു. വനംവകുപ്പ് ജീവനക്കാർ അഭിനവിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അഭിനവ് പഠിച്ചു കൊണ്ടിരുന്ന മുറിയിലെ കവറിൽ നിന്നും പാമ്പിനെ കണ്ടെടുത്തു. വീട്ടിനകത്ത് ധാരാളം തടിഉരുപ്പടികൾ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇതാവാം പാമ്പ് എത്താൻ കാരണമെന്നാണ് കരുതുന്നത്.
dfgdfsdfs