അരിക്കൊമ്പൻകേസ്: പറമ്പിക്കുളത്തിന് പുറത്ത് മറ്റൊരു സ്ഥലമുണ്ടെങ്കിൽ സർക്കാരിന് അറിയിക്കാമെന്ന് ഹൈക്കോടതി

ചിന്നക്കനാലിൽ പ്രദേശവാസികളെ ഭീതിയിലാക്കിയ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കും. അരിക്കൊമ്പൻ പുനരധിവാസത്തിൽ തീരുമാനം പുനഃപരിശോധിക്കില്ല, പറമ്പിക്കുളത്തിന് പുറത്ത് മറ്റൊരു സ്ഥലമുണ്ടെങ്കിൽ സർക്കാരിന് അറിയിക്കാമെന്നും കോടതി. സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ആനയെ മാറ്റിയാൽ എതിർക്കില്ലെന്നും കോടതി പറഞ്ഞു. ഒരാഴ്ചക്കകം സർക്കാർ അറിയിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. അരിക്കൊമ്പൻ വിഷയത്തിൽ നെന്മാറ എംഎൽഎ കെ ബാബുവിന്റെ പുനഃപരിശോധന ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അരിക്കൊമ്പനെ പിടിക്കാനുള്ള ട്രയൽ റൺ തടഞ്ഞല്ലോയെന്ന് കോടതി ചോദിച്ചു. പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുമ്പോൾ ടൈഗർ റിസർവിന്റെ പുറത്തുള്ളവർ ആശങ്കപ്പെടേണ്ട ആവശ്യമില്ലല്ലോ. പറമ്പിക്കുളം ടൈഗർ റിസർവിനകത്തേക്ക് ജനങ്ങൾ കയറാറുണ്ടോ എന്നും കോടതി ചോദിച്ചു. ആനയെ തമിഴ്‌നാട്ടിലേക്ക് വിടാൻ പറ്റില്ലല്ലോ എന്ന് ചോദിച്ച കോടതി പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനം കോടതി സ്വമേധയാ എടുത്തതല്ലെന്നും തീരുമാനമെടുത്തത് വിദഗ്ധ സമിതിയാണെന്നും ചൂണ്ടിക്കാട്ടി. അരിക്കൊമ്പൻ വിഷയം ഈ മാസം 19 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
SFAF