കത്ത് വിവാദം: സമരക്കാരുമായി വീണ്ടും ചർച്ചക്കൊരുങ്ങി തദ്ദേശവകുപ്പ് മന്ത്രി

തിരുവനന്തപുരം നഗരസഭ നിയമന കത്ത് വിവാദത്തില്‍ സമരക്കാരെ വീണ്ടും ചര്‍ച്ചക്ക് വിളിച്ച് തദ്ദേശവകുപ്പ് മന്ത്രി. ഈ മാസം 30 ന് മന്ത്രി എംബി രാജേഷിന്റെ ചേംബറിലാണ് ചര്‍ച്ച . ഇത് രണ്ടാം തവണയാണ് മന്ത്രിതല ചര്‍ച്ച വിളിക്കുന്നത്. സമരം ചെയ്യുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ജില്ലാ പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയുമാണ് മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്.
മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ജനുവരി മുതല്‍ സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു. ഇതിനിടെ കേസ് തള്ളണമെന്ന കോര്‍പറേഷന്‍ ആവശ്യം ഓംബുഡ്സ്മാന്‍ നിരസിച്ചു. തദ്ദേശ സ്ഥാപന ഓംബുഡ്‌സ്മാന്‍ ഫെബ്രുവരി 22 ന് കേസില്‍ തുടര്‍വാദം കേള്‍ക്കും.
വിഷയത്തില്‍ സിപിഐഎം അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. സി ജയന്‍ ബാബു, ഡി കെ മുരളി, ആര്‍ രാമു എന്നിവരാണ് കമ്മിഷനിലുള്ളത്. മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. വിവാദത്തില്‍ തിരുവനന്തപുരം നഗരസഭാ പരിധില്‍ ജനുവരി 7 ന് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോപണ വിധേയരെ സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മേയറുടെ രാജി ആവശ്യപ്പെട്ട് അടുത്ത മാസം 6 ന് കോര്‍പറേഷന്‍ ഓഫീസ് വളയാനും ബിജെപി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമരക്കാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.
കരാര്‍ നിയമനങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ പട്ടികയാവശ്യപ്പെട്ട് മേയറുടെ ഓഫീസില്‍ നിന്ന് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് കിട്ടിയ കത്താണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ട്ത്. ജോലി ഒഴിവുണ്ടെന്നും ലിസ്റ്റ് തരണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്. ഇതിന് പിന്നാലെ തിരുവനന്തപുരം എസ് എടി ആശുപത്രിയിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ ആളെ നിയമിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍ ഡി ആര്‍ അനില്‍ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തും പുറത്തുവന്നു. താന്‍ അയച്ചെന്ന് പറയുന്ന കത്ത് വ്യാജമാണമെന്നായിരുന്നു മേയറുടെ വിഷയത്തിലെ പ്രതികരണം.
CVXBDF