ഷാരോണിന്റെ കാമുകിയുമായുള്ള അവസാനത്തെ വാട്സാപ്പ് സന്ദേശം പുറത്ത്

പാറശാലയിലെ ഷാരോൺ രാജിന്‍റെ ദുരൂഹമരണത്തിൽ കൂടുതൽ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്. കാമുകിയുടെ വീട്ടിൽ പോയി വന്ന ശേഷം ഷാരോണും കാമുകിയുമായുള്ള അവസാന വാട്ട്സ്ആപ്പ് ഓഡിയോ സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഷായം കുടിച്ച കാര്യം വീട്ടിൽ പറഞ്ഞിട്ടില്ലെന്നാണ് ഷാരോൺ പെൺകുട്ടിയോട് പറയുന്നത്. ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്ന കാരണമെന്ന് വീട്ടിൽ പറഞ്ഞതായി ഷാരോൺ വ്യക്തമാക്കുന്നുണ്ട്. ജ്യൂസിൽ ചില സംശയങ്ങളുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നതും സന്ദേശത്തിലുണ്ട്. മരണത്തിൽ കൂടുതൽ ദുരൂഹത സൂചിപ്പിക്കുന്നതാണ് ഈ ശബ്ദസന്ദേശം. യുവതി നൽകിയ പാനീയം കഴിച്ചശേഷം വൃക്ക ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷാരോൺ മരിച്ചത്. കഴിഞ്ഞ ഒരു വർഷത്തിലധികമായി ഇരുവരും അടുപ്പത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ കഴുത്തിൽ താലികെട്ടി വിവാഹം നടത്തി.
കഴിഞ്ഞയിടെ മറ്റൊരാളുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചതിനെചൊല്ലി ഇവരുടെ ബന്ധത്തിൽ വിള്ളലുണ്ടായിരുന്നു. ആദ്യം സെപ്റ്റംബറിൽ വിവാഹം നടത്താനാണ് തീരുമാനിച്ചതെങ്കിലും ഈ വർഷം നവംബറിനു മുമ്പ് വിവാഹിതയായാൽ ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതകത്തിലുള്ളത് കൊണ്ട് തീയതി മാറ്റിവച്ചെന്ന് യുവതി ഇയാളോട് പറഞ്ഞിരുന്നു.
ഈ ജാതകദോഷം തീർക്കാൻ യുവാവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാകാമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കഴിഞ്ഞ 14നാണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. പെൺകുട്ടി നൽകിയ പാനീയം കഴിച്ച് ഛർദിച്ച് അവശനിലയിലായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ പ്രശ്നമില്ലാത്തതിനാൽ പിന്നീട് വിട്ടയച്ചു. തൊട്ടടുത്ത ദിവസം വായിൽ വ്രണങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് വെള്ളം പോലും കുടിക്കാൻ വയ്യാത്ത അവസ്ഥയിലേയ്ക്ക് മാറി. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചപ്പോൾ വൃക്കകളുടെ പ്രവർത്തനം താറുമാറായതായി ബോധ്യപ്പെട്ടു. വിഷം ഉള്ളിൽ ചെന്നതായി ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ മറ്റ് പല ആന്തരിക അവയവങ്ങളുടെയും പ്രവർത്തനം മോശമായി. ഒന്‍പത് ദിവസത്തിനിടെ ഇയാൾക്ക് അഞ്ചു തവണ ഡയാലിസിസ് നടത്തി. അവസ്ഥ മോശമായതിനെ തുടർന്ന് പിന്നീട് മരിക്കുകയായിരുന്നു.
du8rfi