അട്ടപ്പാടി മധുകൊലക്കേസിൽ റിമാൻഡിലുള്ള 11 പേർക്ക് ജാമ്യം
അട്ടപ്പാടി മധുകൊലക്കേസിൽ റിമാൻഡിലുള്ള 11 പേർക്ക് ജാമ്യം. ദൃക്‌സാക്ഷി വിസ്താരം കഴിഞ്ഞ സാഹചര്യത്തിലാണ് വിചാരണ കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എല്ലാ ദിവസവും കോടതിയിൽ വിസ്താരത്തിനായി എത്തണം. മധുവിന്റെ കുടുംബത്തെ നേരിൽ കാണാനോ ഭീഷണിപ്പെടുത്താനോ പാടില്ല. വിസ്തരിച്ച സാക്ഷികളെയോ, വിസ്തരിക്കാൻ ഉള്ളവരെയോ സ്വാധീനിക്കാൻ പാടില്ല. രാജ്യം വിട്ടുപോകരുത് എന്നുമാണ് ജാമ്യ വ്യവസ്ഥകൾ.
സാക്ഷികളെ സ്വാധീനിച്ചു എന്നു കണ്ടെത്തിയതിനു പിന്നാലെ നേരത്തെ ഇവരുടെ ജാമ്യം റദ്ദാക്കിയിരുന്നു.
അതേസമയം കൂറുമാറിയ സാക്ഷി കക്കി ഇന്ന് വീണ്ടും പ്രോസിക്യൂഷന് അനുകൂല മൊഴി നൽകി. മൊഴിമാറ്റിയത് പ്രതികളെ പേടിച്ചാണെന്നും പൊലീസിന് നൽകിയ മൊഴിയാണ് ശരിയെന്നും സാക്ഷി കോടതിയിൽ സമ്മതിച്ചു. കോടതിയിൽ കള്ളം പറഞ്ഞതിന് ക്ഷമ ചോദിക്കുന്നുവെന്നും കക്കി പറഞ്ഞു. കേസിൽ പത്തൊമ്പതാം സാക്ഷിയാണ് കക്കി. കേസിൽ നേരത്തെ കൂറുമാറിയ രണ്ട് സാക്ഷികളെയായിരുന്നു കോടതി ഇന്ന് വീണ്ടും വിസ്തരിച്ചത്. കക്കിയെ കൂടാതെ 18ആം സാക്ഷി കാളി മൂപ്പനെയുമാണ് വിചാരണ കോടതി വിളിപ്പിച്ചത്.
