ഡോ. സ്കറിയ സക്കറിയ അന്തരിച്ചു


മലയാള ഭാഷാ പണ്ഡിതനും ഗവേഷകനും എസ്ബി കോളജ്, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാള വിഭാഗം മുൻ മേധാവിയുമായിരുന്ന ഡോ. സ്കറിയ സക്കറിയ(75) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെരുന്നയിലെ കരിക്കംപള്ളിയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ചൊവ്വാഴ്ച രാത്രി 11.30−നായിരുന്നു അന്ത്യം. ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് എസ്ബി കോളേജിലും 3.30ന് പെരുന്നയിലുള്ള വസതിയിലും പൊതുദർശനത്തിനുവയ്ക്കും. സംസ്കാരം വ്യാഴാഴ്ച മൂന്നിന് ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ. എടത്വ കരിക്കംപള്ളിൽ കുടുംബാഗംമാണ്. കേരള പഠനങ്ങൾക്കും മലയാളഭാഷാ വികാസ പരിണാമങ്ങൾക്കും നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് എംജി സർവകലാശാലയും മലയാളം സർവകലാശാലയും അദ്ദേഹത്തിനു ഡിലിറ്റ് നൽകി ആദരിച്ചിരുന്നു.

ജർമനി, ഇസ്രയേൽ, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളിലെ ഭാഷാ ശാസ്ത്രജ്ഞരുമായി ചേർന്ന് അന്താരാഷ്‌ട്ര തലത്തിൽ വിവിധ ഗവേഷണ പദ്ധതികൾ പൂർത്തിയാക്കിയിട്ടുള്ള അദ്ദേഹം ജർമനിയിലെ ടൂബിംഗം സർവകലാശാലയിലെ മലയാളം ചെയറായും പ്രവർത്തിച്ചു. ഹീബ്രു, ഹാർവാർഡ് തുടങ്ങിയ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രഫസറായും പ്രവർത്തിച്ച അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വവും ലഭിച്ചിട്ടുണ്ട്.

1969 മുതൽ 25 വർഷക്കാലം ചങ്ങനാശേരി എസ്ബി കോളജിൽ മലയാള വിഭാഗം അധ്യാപകനായിരുന്നു. 1994−ൽ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ മലയാള വിഭാഗം അധ്യാപകനും വകുപ്പ് അധ്യക്ഷനുമായി പ്രവർത്തിച്ചു. സംസ്കാര പഠനം, പൈതൃക പഠനം, പാഠ നിരൂപണം, വ്യാകരണം തുടങ്ങിയ മേഖലകളിൽ നിരവധി ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ഭാര്യ: മേരിക്കുട്ടി സ്കറിയ (കലേക്കാട്ടിൽ, കുമ്മണ്ണൂർ, പാല). മക്കൾ: ഡോ.സുമ സ്കറിയ (കർണാടക, സെൻട്രൽ സർവകലാശാല, ഗുൽബർഗ), ഡോ.അരുൾ ജോർജ് സ്കറിയ (ദേശീയ നിയമ സർവകലാശാല, ബംഗളൂരു). മരുമക്കൾ: ഡോ.വി.ജെ.വർഗീസ് (ഹൈദരാബാദ് സെൻട്രൽ സർവകലാശാല), ഡോ. നീത മോഹൻ (പക്കലേത്ത്, പീരുമേട്).

You might also like

  • Straight Forward

Most Viewed