സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടിക്കെതിരെ കേരള സർവ്വകലാശാല വിസി
കേരള സർവ്വകാലാശാല സെനറ്റിൽ നിന്ന് ചാൻസലറുടെ നോമിനികളെ പിന്‍വലിച്ച നടപടിക്കെതിരെ നിയമപോരാട്ടം നടത്താനൊരുങ്ങി സിപിഎം. പുറത്താക്കപ്പെട്ട പ്രതിനിധികളിൽ ഒരാൾ കോടതിയെ സമീപിച്ചേക്കും. അതിനിടെ സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി ചട്ടവിരുദ്ധമാണെന്ന് കാണിച്ച് കേരള സർവ്വകലാശാല വൈസ് ചാൻസലർ വിപി മഹാദേവൻപിള്ള ഗവർണർക്ക് കത്ത് നൽകി. പുറത്താക്കപ്പെട്ട 15 പേരിൽ നാല് പേർ എക്സ് ഒഫിഷ്യോ അംഗങ്ങളാണെന്നും ഇവരെ പുറത്താക്കാൻ ചാന്‍സലർക്ക് അധികാരമില്ലെന്നുമാണ് വിസിയുടെ നിലപാട്. അതുകൊണ്ട് തന്നെ 15 പേരെ പുറത്താക്കിയ നടപടി നിലനിൽക്കില്ലെന്ന വാദവും വിസി മുന്നോട്ട് വയ്ക്കുന്നുണ്ട്.
കേരള സർവ്വകലാശാല സെനറ്റിലേക്ക് ചാൻസലറുടെ അധികാരം ഉപയോഗിച്ച് നോമിനേറ്റ് ചെയ്ത 15 പേരെയാണ് കഴിഞ്ഞ ദിവസം ഗവർണർ പിൻവലിച്ചത്. സിപിഎമ്മിന്‍റെ അംഗങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഗവർണറുടെ നടപടിയിൽ കടുത്ത അതൃപ്തിയുള്ള സിപിഎം ഇതിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുന്നുവെന്നാണ് വിവരം. പുറത്താക്കപ്പെട്ട സിപിഎം പ്രതിനിധികളിൽ ഒരാൾ ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത കോടതിയെ സമീപിച്ചേക്കും. ഇത് സംബന്ധിച്ച് നിയമോപദേശവും തേടിയിട്ടുണ്ട്. ഗവർണറുടെ നടപടിയിൽ ചട്ടവിരുദ്ധമായ കാര്യങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. ഒരാളെ പുറത്താക്കുന്നതിന് മുന്‍പ് അയാളിൽ നിന്ന് വിശദീകരണം തേടണം. എന്നാൽ ഗവർണറുടെ ഭാഗത്ത് നിന്ന് അതുണ്ടായിട്ടില്ല.കോടതിയെ സമീപിക്കുമ്പോൾ ഒരു വിഷയമായി ഉയർത്തിക്കാട്ടുന്നത് ഇതായിരിക്കും. സർവ്വകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി ഗവർണർ ഇടപെട്ടുവെന്ന പരാതിയും സിപിഎം ഉയർത്തിയേക്കും. ഗവർണറുടെ നടപടിക്കെതിരെ കേരള വിസിയും രംഗത്ത് വന്നു. ചാൻസലറുടെ നോമിനികളെ പിൻവലിച്ച നടപടി സർവ്വകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കാട്ടി വിസി വിപി മഹാദേവൻ പിള്ള ഗവർണർക്ക് കത്ത് നൽകി.
t
