വിദേശപര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തി

പന്ത്രണ്ട് ദിവസത്തെ വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലേക്ക് മടങ്ങിയെത്തി. ഇന്ന് പുലർച്ചെ 3 മണിക്കാണ് ദുബായിൽ നിന്ന് മുഖ്യമന്ത്രിയും കുടുംബവും തിരുവനന്തപുരത്ത് എത്തിയത്. യാത്ര ധൂർത്തായിരുന്നെന്ന പ്രതിപക്ഷ ആരോപണത്തിന് അദ്ദേഹം മറുപടി നൽകിയേക്കും
എമിറേറ്റ്സ് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം ക്ലിഫ് ഹൗസിലേക്കു മടങ്ങി. ബ്രിട്ടൻ സന്ദർശനത്തിൽ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ആരോഗ്യ മന്ത്രി വീണ ജോർജും പുലർച്ചെ മടങ്ങിയെത്തി. മന്ത്രിമാരായ പി രാജീവ്, വി ശിവൻകുട്ടി, വി അബ്ദുറഹിമാൻ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിൽ മടങ്ങിയെത്തിയിരുന്നു. ചീഫ് സെക്രട്ടറി വി.പി ജോയ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും തിരിച്ചെത്തി.
കുടുംബ സമേതമുളള യാത്ര വലിയ വിമർശനം നേടിട്ടിരുന്നു. എന്നാൽ കുടുംബത്തിന്റെ യാത്രാ ചെലവ് വഹിക്കുന്നത് സർക്കാർ അല്ലെന്നായിരുന്നു വിശദീകരണം. വിദേശ പര്യടനം വിവാദത്തിലായ സാഹചര്യത്തിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ഒക്ടോബർ നാലിനാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കൊച്ചിയിൽ നിന്ന് നോർവേയിലേക്ക് പുറപ്പെട്ടത്. മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നത് മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്‌മാനുമാണ്. നോർവേ സന്ദർശനത്തിന് ശേഷം ബ്രിട്ടനിലേക്കായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.
fhyfdh