മൂന്ന് വിദ്യാർത്ഥികളെ കാറിടിച്ചു തെറുപ്പിച്ചു; ഒരാൾക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്


റോഡിലൂടെ നടന്ന് വരികയായിരുന്ന മൂന്ന് വിദ്യാർത്ഥികളെ പിന്നിൽ നിന്ന് കാർ ഇടിച്ച് തെളിപ്പിച്ചു. സംഭവത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥി മരിച്ചു. ആനക്കയം ആമക്കാടിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വീട്ട് സാധനങ്ങൾ വാങ്ങിക്കാൻ വേണ്ടി കടയിൽ പോയ മുഹമ്മദ്‌ ഷിഫാൻ, മുഹമ്മദ്‌ റസൽ, മുഹമ്മത് ഷയാൻ എന്നിവർ  സാധനങ്ങൾ വാങ്ങിച്ച് തിരിച്ചു വരുന്ന വഴി ആമക്കാട് തോട്ടിന്നക്കര പാലത്തിന് സമീപം മഞ്ചേരി ഭാഗത്ത് നിന്ന് വന്ന കാർ മൂന്ന് കുട്ടികളെയും പിന്നിൽ വന്നു ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ചെറുകപ്പള്ളി ശാഫിയുടെ മകൻ 9 വയസ്സുകാരനായ മുഹമ്മദ് ഷയാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരിക്കെ ഇന്നാണ് മരണപ്പെട്ടത്. കിടങ്ങയം എ എം എൽ പി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഷയാൻ. മുഹമ്മദ്‌ ഷിഫാൻ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുഹമ്മദ്‌ റസൽ നിസ്സാര പരിക്കോട് കൂടി രക്ഷപ്പെട്ടു. കാർ ഡ്രൈവർക്കെതിരെ പാണ്ടിക്കാട് പൊലീസ് കേസെടുത്തു. നിയമനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

You might also like

Most Viewed