ഇല്ലാത്ത സഹോദരിയുടെ പേരില്‍ വിവാഹാലോചന; ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍


പുനര്‍വിവാഹപ്പരസ്യം നല്‍കിയയാളിനെ ഫോണിലൂടെ പരിചയപ്പെടുകയും പ്രലോഭിപ്പിച്ച് ലക്ഷങ്ങള്‍ കബളിപ്പിച്ചെടുക്കുകയും ചെയ്ത യുവതിയെ പോലീസ് പിടികൂടി. ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ് പുത്തന്‍തുറ വീട്ടില്‍ ആര്യ വി (36) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. കോയിപ്രം കടപ്ര സ്വദേശിയായ യുവാവ് നല്‍കിയ പുനര്‍വിവാഹ പരസ്യം കണ്ട്, 2020 മേയ് നാല് മുതല്‍ രണ്ട് മൊബൈല്‍ ഫോണുകളില്‍ നിന്നും നിരന്തരം വിളിച്ച പ്രതി, തന്റെ സഹോദരിക്ക് വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും പറഞ്ഞുവിശ്വസിപ്പിച്ച ശേഷം, മേയ് 17 മുതല്‍ ഡിസംബര്‍ 22 വരെയുള്ള കാലയളവില്‍ അമ്മയുടെ ചികിത്സയ്ക്കെന്നുപറഞ്ഞു പലതവണയായി 4,15,500 രൂപ തട്ടിയെടുത്തു എന്നാണ് കേസ്.

കൂടാതെ, 22, 180 രൂപ വിലയുള്ള പുതിയ മൊബൈല്‍ ഫോണും കൈക്കലാക്കി. ചതിയ്ക്കപ്പെട്ടെന്ന് മനസ്സിലാക്കിയ അജിത് ഈവര്‍ഷം ജനുവരി ഒന്നിന് പത്തനംതിട്ട ഡി വൈ എസ് പി യ്ക്ക് പരാതി നല്‍കി. കോയിപ്രം എസ് ഐ രാകേഷ് കുമാര്‍, പരാതി പ്രകാരം കേസെടുത്ത് വിശദമായ അന്വേഷണം നടത്തി. മൊബൈല്‍ ഫോണുകളുടെ വിളികള്‍ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം ശേഖരിച്ചു. പണം ഇടപാട് സംബന്ധിച്ച രേഖകളും കണ്ടെടുത്തു.

പ്രതി ആവശ്യപ്പെട്ടതനുസരിച്ച് വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണ്‍ വാങ്ങിയ തിരുവല്ലയിലെ മൊബൈല്‍ കടയിലും, ഫോണ്‍ കൊടുക്കാന്‍ ഏല്‍പ്പിച്ച കായംകുളത്തെ ബേക്കറി ഉടമയെ കണ്ടും അന്വേഷണം നടത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതിക്ക് സഹോദരിയില്ലെന്നും, ഇല്ലാത്ത സഹോദരിയുടെ പേരുപറഞ്ഞു വിവാഹത്തിന് താല്‍പ്പര്യമുണ്ടെന്ന് അറിയിച്ച് യുവാവിനെ കബളിപ്പിക്കുകയായിരുന്നെന്നും തെളിഞ്ഞു.

പിന്നീട്, യുവതിയുടെ ഫോണ്‍ ലൊക്കേഷന്‍ അന്വേഷിച്ചുകൊണ്ടിരുന്ന പോലീസ് സംഘത്തിന്, പാലക്കാട് കിഴക്കന്‍ചേരിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്.വിശദമായ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. പ്രതിയുടെ കയ്യില്‍ നിന്നും പിടിച്ചെടുത്ത ഫോണ്‍, യുവാവില്‍ നിന്നും തട്ടിപ്പ് നടത്തി ലഭ്യമാക്കിയതാണെന്ന് വ്യക്തമായി. സമാന രീതിയിലുള്ള കുറ്റകൃത്യം പ്രതി നടത്തിയിട്ടുണ്ടോ എന്നതും, പണത്തിന്റെ ക്രയവിക്രയം സംബന്ധിച്ചും, കൂടുതല്‍ പ്രതികളുണ്ടോ എന്നതിനെപ്പറ്റിയും വിശദമായ അന്വേഷണം നടക്കുകയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ് ഐ അനൂപ് സുജിത്, ഷെബി എം എ എന്നിവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു.

article-image

a

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed