ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര്; തെളിവുകൾ പുറത്തുവിടാനായി നാളെ ഗവർണറുടെ വാർത്താസമ്മേളനം
ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര്; തെളിവുകൾ പുറത്തുവിടാനായി നാളെ ഗവർണറുടെ വാർത്താസമ്മേളനം
ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരിൽ അസാധാരണ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. നാളെ വാര്‍ത്താസമ്മേളനം വിളിക്കാനാണ് ഗവർണറുടെ തീരുമാനം. ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ ആരോപണത്തില്‍ തെളിവ് പുറത്തുവിടുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. സര്‍വ്വകലാശാല വിഷയത്തില്‍ മുഖ്യമന്ത്രി അയച്ച കത്തുകള്‍ പുറത്തു വിടാനും സാധ്യതയുണ്ട്. രാജ്ഭവനിലാകും വാര്‍ത്താസമ്മേളനം വിളിക്കുക.
ഗവർണർ സർക്കാരിന്റെ കണ്ണിലെ കരടാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് ആരോപിച്ചു. ഗവർണർ പല നേതാക്കളെയും മതമേധാവികളെയുമൊക്കെ പോയി കണ്ടിട്ടുണ്ട്. കൊളോണിയൽ ശൈലി ഗവർണർ തുടരണമെന്ന് പറയുന്നതെന്തിനാണ്. ഗവർണർക്കെതിരായ വധശ്രമത്തിൽ മുഖ്യമന്ത്രി പ്രതിക്കൂട്ടിലാണ്.ഗവർണറുടെ ആരോപണത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗവര്‍ണറെ അപായപ്പെടുത്താൻ ശ്രമിക്കുന്നതിൽ സംസ്ഥാന സർക്കാരിന് മൗനാനുവാദം ഉണ്ടായിരുന്നു എന്ന് വേണം മനസിലാക്കാൻ. ഗവർണർ പരാതി കൊടുക്കേണ്ട ആവശ്യമില്ല. സ്വയം കേസെടുക്കണം. ഗവർണർ ബില്ല് ഒപ്പിടില്ലെന്ന് എവിടെയും പറഞ്ഞത് താൻ കണ്ടിട്ടില്ലെന്നും വി മുരളീധരന് പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ നടന്ന സംഭവത്തില്‍ പൊലീസ് സ്വമേയധാ കേസെടുക്കാത്തതിന് കാരണം ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി പിണറായി വിജയനും ആണെന്നാണ് ഗവര്‍ണറുടെ ആരോപണം. തന്നെ നിശബ്ദമാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നും ഗവര്‍ണര്‍ കൊച്ചിയില്‍ പറഞ്ഞു. സിപിഐഎമ്മിനോട് തനിക്ക് സഹതാപമാണ്. ഒരു ഗവര്‍ണര്‍ക്കെതിരെയോ രാഷ്ട്രപതിക്കെതിരെയോ ആക്രമണമുണ്ടായാല്‍ റിപ്പോര്‍ട്ടിംഗ് ഇല്ലാതെ കേസെടുക്കാം. നിയമത്തിന്റെ എബിസി അറിയാത്തവരാണോ കേരളം ഭരിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.