സർവകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കാൻ ഉത്തരവിടുമെന്ന് ഗവർണർ

കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർക്കെതിരെ കടുത്ത വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണകക്ഷിയുടെ കേഡറെപോലെ വിസി പ്രവർത്തിക്കുന്നെന്ന് ഗവർണർ വിമർശിച്ചു. പദവിക്ക് യോജിച്ച രീതിയിലല്ല വിസിയുടെ പ്രവർത്തനം. സർവകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കാൻ ഉത്തരവിടുമെന്നും ഗവർണർ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും സ്വജനപക്ഷപാതമാണ് നടക്കുന്നതെന്നും ഗവർണർ ആരോപിച്ചു. വിസി നിയമനം പോലും രാഷ്ട്രീയ താത്പര്യമനുസരിച്ചാണ്. ഏറ്റവും താഴെതട്ടു മുതൽ ഫ്രൊഫസർമാരുടെ നിയമനത്തിൽ വരെ രാഷ്ട്രീയതാത്പര്യത്തിന് വിസിമാർ കൂട്ടു നിൽക്കുകയാണെന്നും ഗവർണർ വിമർശിച്ചു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ രാകേഷിന്‍റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസറായി നിയമിക്കാനുള്ള നടപടികൾ ഗവർണർ കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു.
വിഷയത്തിൽ കണ്ണൂർ വിസിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. അതേസമയം നടപടി പ്രിയ വർഗീസിന്‍റെ നിയമനത്തിൽ മാത്രം ഒതുങ്ങില്ലെന്നാണ് ഗവർണറുടെ മുന്നറിയിപ്പ്. സംസ്ഥാനത്തെ സർവകലാശാലകളിലെ നിയമനങ്ങളിൽ വിശദമായ അന്വേഷണം പ്രഖ്യാപിക്കാനാണ് ഗവർണറുടെ നീക്കം.