പ്രതിഷേധങ്ങൾക്കിടെ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാകളക്ടറായി ചുമതലയേറ്റു

പ്രതിഷേധങ്ങൾക്കിടെ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാകളക്ടറായി ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടർ രേണുരാജിൽനിന്നാണ് ശ്രീറാം ചുമതലയേറ്റത്. കളക്ട്രേറ്റ് വളപ്പിൽ യൂത്ത് കോൺഗ്രസ് പ്രവർകത്തകർ കരിങ്കൊടി പ്രതിഷേധം ഉൾപ്പെടെ സംഘടിപ്പിച്ചെങ്കിലും ഇവരെ മാറ്റി കളക്ടർക്ക് കടന്നുപോകാന്‍ പോലീസ് വഴിയൊരുക്കി. ആലപ്പുഴയെ കുറിച്ച് പഠിച്ച് വരികയാണെന്ന് ശ്രീറാം വെങ്കിട്ടരാമൻ പ്രതികരിച്ചു. ആരോഗ്യ വകുപ്പിൽ ജോലി ചെയ്തിരുന്ന സമയത്ത് ജില്ലയിലെ ആരോഗ്യമേഖലയെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കിയിരുന്നെന്നും ശ്രീറാം പറഞ്ഞു. തനിക്കെതിരായ പ്രതിഷേധങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നും ശ്രീറാം അറിയിച്ചു.
പത്രപ്രവർത്തകനായ കെഎം ബഷീറിനെ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ശ്രീറാമിനെ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇന്നലെ കളക്ട്രേറ്റിന് മുന്നിൽ കോൺഗ്രസ് ധർണ നടത്തിയിരുന്നു. കേരളാ പത്രവ്രവർത്തക യൂണിയന്‍റെ സംസ്ഥാന കമ്മറ്റിയും ആലപ്പുഴ ജില്ലാ കമ്മറ്റിയും നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.