തിരുവല്ലയില്‍ 60കാരി കഴുത്തറത്ത് മരിച്ച നിലയിൽ


തിരുവല്ല കുറ്റപ്പുഴയില്‍ അംഗന്‍വാടി അധ്യാപികയെ വീടിന്റെ അടുക്കളയില്‍ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റപ്പുഴ മാടമുക്ക് അംഗന്‍വാടിയിലെ അധ്യാപികയായ കുറ്റപ്പുഴ പുതുപ്പറമ്പില്‍ വീട്ടില്‍ മഹിളാ മണി (60) നെയാണ് ഇന്ന് രാവിലെ ഏഴു മണിയോടെ വീടിന്റെ പിന്‍വശത്തെ അടുക്കളയില്‍ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്.

രാവിലെ ആറു മണിയോടെ ഭര്‍ത്താവ് ശശിക്ക് കാപ്പി ഉണ്ടാക്കി നല്‍കാനായി അടുക്കളയിലേക്ക് പോയ മഹിളാമണിയെ ഏറെ നേരമായും കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് അടുക്കളയില്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കാണപ്പെട്ടത്. ഭര്‍ത്താവ് ശശി ഉടന്‍ തന്നെ സമീപത്തെ ബന്ധുവീട്ടിലെത്തി വിവരം പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് മഹിളാ മണിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മഹാളാ മണിക്ക് മൂന്നാഴ്ച മുമ്പ് കോവിഡ് ബാധിച്ചിരുന്നു. കോവിഡാനന്തര ബുദ്ധിമുട്ടുകള്‍ മഹിളാ മണിയെ തുടര്‍ച്ചയായി അലട്ടിയിരുന്നു. പല തവണ ചികിത്സ തേടിയിട്ടും ശാരീരിക ബുദ്ധിമുട്ടുകള്‍ മാറിയില്ല. ഇതില്‍ കടുത്ത ഡിപ്രഷനിലായിരുന്നു മഹിളാമണി. ഇതേ തുടര്‍ന്ന് മഹിളാമണിക്ക് ചില മാനസിക പ്രശ്‌നങ്ങള്‍ അനുഭവപെട്ടിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം എന്ന് തിരുവല്ല പൊലീസ് പറഞ്ഞു. ഉച്ചയോടെ ഡോഗ് സ്‌ക്വാര്‍ഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് സിഐ പി.എസ്.വിനോദ് പറഞ്ഞു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

You might also like

  • Straight Forward

Most Viewed