ഫുട്‌ബോള്‍ കളിക്കാന്‍ പോയ വിദ്യാര്‍ഥിയെ പെരിയാറില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; വിവരം പുറത്തുവന്നത് മകനെ കാണാതായതോടെ മാതാവ് പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍

സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കാന്‍ പോയ വിദ്യാര്‍ഥിയെ പെരിയാറില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏലൂര്‍ കണപ്പിള്ളി കരിപ്പൂര്‍ വീട്ടില്‍ പരേതനായ സെബാസ്റ്റ്യന്റെ മകന്‍ എബിന്‍ സെബാസ്റ്റ്യന്‍ (15) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മൂന്നോടെ കളിക്കാനായി പോയ കുട്ടി സന്ധ്യയായിട്ടും വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെ മാതാവ് ശ്രുതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ ശ്രുതി മകനെ കുറിച്ച് സുഹൃത്തുക്കളോട് അന്വേഷിച്ചെങ്കിലും ആരും അറിയില്ലെന്ന് പറഞ്ഞെന്ന് പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് സിഐ നടത്തിയ അന്വേഷണത്തിലാണ് കുട്ടി പുഴയില്‍ മുങ്ങിമരിച്ചതാണെന്ന് കണ്ടെത്തിയത്. മാതാവ് നല്‍കിയ പരാതിയില്‍ സിഐ മറ്റു വിദ്യാര്‍ഥികളെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടികള്‍ സത്യം വെളിപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. കളി കഴിഞ്ഞ ശേഷം സമീപത്തെ പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ എബിന്‍ ആഴത്തില്‍ അകപ്പെടുകയായിരുന്നുവെന്ന് മറ്റു കുട്ടികള്‍ പറഞ്ഞു.
കൂടെയുണ്ടായിരുന്ന ഒരു കുട്ടി എബിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ഇതോടെ സംഭവം ആരോടും പറയേണ്ടതില്ലെന്ന് തീരുമാനിച്ച് കുട്ടികള്‍ മടങ്ങുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
കുട്ടി പുഴയില്‍ മുങ്ങിയെന്ന് വ്യക്തമായതോടെ അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാവിലെ മൃതദേഹം കണ്ടെത്തി. ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. ഏയ്ഞ്ചല്‍ ഏകസഹോദരിയാണ്.