ഷവർമയിൽനിന്നും ഭക്ഷ്യവിഷബാധ: ജീവനക്കാർ കസ്റ്റഡിയിൽ


കാസർഗോഡ്: ഷവർമയിൽനിന്നും ഭക്ഷ്യവിഷബാധയേറ്റ് പ്ലസ് വൺ വിദ്യാർത്ഥിനി മരണപ്പെട്ട സംഭവത്തിൽ രണ്ട് ജീവനക്കാർ കസ്റ്റഡിയിൽ. നേപ്പാൾ സ്വദേശി സന്ദേശ് റായ്, ഉള്ളാൾ സ്വദേശി എം. അനക്സ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥാപത്തിനെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ണൂർ കരിവെള്ളൂർ പെരളത്തെ പരേതനായ നാരായണൻ-പ്രസന്ന ദമ്പതികളുടെ ഏകമകൾ ദേവനന്ദ (16) ആണ് ഷവർമയിൽനിന്നും ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു. കരിവെള്ളൂർ എ.വി. സ്മാരക ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ദേവനന്ദ. ‌29നു വൈകുന്നേരത്തോടെയാണ് ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ ചെറുവത്തൂർ ബസ് സ്റ്റാൻഡിന് സമീപത്തെ ഐഡിയൽ കൂൾബാർ ആൻഡ് ഫുഡ് പോയിന്‍റ് എന്ന സ്ഥാപനത്തിൽനിന്നും ചിക്കൻ ഷവർമ കഴിച്ചത്. 30 മുതൽ ഛർദ്ദിയും വയറിളക്കവും പനിയും അനുഭവപ്പെട്ടു. ഞായറാഴ്ച രാവിലെയോടെ ചെറുവത്തൂർ സിഎച്ച്സിയിൽ പ്രവേശിപ്പിച്ചപ്പോൾ സമാനലക്ഷണങ്ങളുമായി 10 മുതൽ 16 വരെ പ്രായമുള്ള വേറെയും 14 വിദ്യാർഥികൾ അവിടെയുണ്ടായിരുന്നു. 29, 30 തീയതികളിൽ ഇവിടെനിന്നും ഷവർമ കഴിച്ചവരായിരുന്നു ഇവരെല്ലാം. ഇവരുടെ പ്രഷറും താഴ്ന്ന നിലയിലായിരുന്നു. ഇത് ഭക്ഷ്യവിഷബാധയുടെ ലക്ഷണമാണെന്നു ഡോക്ടർമാർ പറഞ്ഞു.

ഉച്ചയ്ക്ക് 1.30 ഓടെ ദേവനന്ദ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. ഇതോടെ മറ്റു കുട്ടികളെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 31 പേരാണ് ഇന്നലെ ചികിത്സ തേടിയത്. ഇവരെല്ലാവരും അപകടനില തരണം ചെയ്തതായി ഡിഎംഒ എ.വി. രാംദാസ് അറിയിച്ചു. സംഭവത്തെ തുടർന്ന് കൂൾബാർ അടച്ചുപൂട്ടി, ഇവിടുത്തെ ഭക്ഷണസാമ്പിളുകൾ രാത്രിയോടെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ കോഴിക്കോട്ടെ റീജണൽ അനലറ്റിക്കൽ ലബോറട്ടറിയിൽ പരിശോധനയ്ക്കയച്ചു. വിദേശത്തുള്ള സ്ഥാപനമുടമ മുഹമ്മദിനെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വിളിച്ചു വരുത്തും. ഇയാൾക്കെതിരേ ചന്തേര പോലീസ് 304, 308, 272 (34) വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. അതേസമയം സ്ഥാപനത്തിന്റെ വാൻ കത്തിനശിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed