വിലക്ക് ലംഘിച്ച് കെവി തോമസ് പാർട്ടി കോൺഗ്രസിൽ

എഐസിസിയുടെ കെപിസിസിയുടെയും വിലക്ക് ലംഘിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാർ വേദിയിൽ. നിറഞ്ഞ കൈയ്യടികളോടെയാണ് സദസ് കെവി തോമസിനെ സ്വീകരിച്ചത്. സെമിനാർ നടക്കുന്ന പൊതുസമ്മേളന വേദിയിൽ വൻ ജനപങ്കാളിത്തമാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എന്നിവർക്ക് ഒപ്പമാണ് കെ.വി തോമസ് വേദി പങ്കിടുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലാണ് സെമിനാർ. സെമിനാറിൽ പങ്കെടുക്കാൻ ഇന്നലെ രാത്രി കണ്ണൂരിലെത്തിയ കെവി തോമസിന് ചുവപ്പ് ഷാൾ അണിയിച്ചാണ് സിപിഐഎം നേതൃത്വം സ്വീകരണം നൽകിയത്.
പിണറായി മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളാണെന്നും പറയാനുള്ളത് സെമിനാർ വേദിയിൽ പറയുമെന്നും കെ.വി തോമസ് സ്വീകരണം ഏറ്റുവാങ്ങി പ്രതികരിച്ചിരുന്നു. കോൺഗ്രസ് നടപടി എടുത്താൽ കെവി തോമസിന് രാഷ്ട്രീയ സംരക്ഷണം ഒരുക്കുമെന്ന് സിപിഐഎം നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈക്കമാൻഡിന്റെയും കെപിസിസിയുടെയും വിലക്കുകൾ ലംഘിച്ച് എത്തുന്ന കെ വി തോമസിനെതിരെ കോൺഗ്രസിന്റെ നടപടി ഉടൻ ഉണ്ടാകും. കെ വി തോമസിന്റെ പ്രസംഗത്തിനുശേഷം നടപടിയെടുക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം. നടപടിയുടെ കാര്യത്തിലും കോൺഗ്രസ് നേതൃത്വത്തിന് ഇടയിൽ അഭിപ്രായ ഭിന്നതയുണ്ട്. എഐസിസി അംഗമായ കെ വി തോമസിന് എതിരെ കടുത്ത നടപടി വേണമെന്നു ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോൾ നടപടി വേണ്ട അവഗണിക്കുന്നതാണ് നല്ലതെന്ന നിർദ്ദേശമാണ് മറുഭാഗം ഉയർത്തുന്നത്. വിശദമായ കൂടിയാലോചനകൾക്ക് ശേഷം തോമസിന് എതിരെയുള്ള നടപടി ഇന്ന് കോൺഗ്രസ് പ്രഖ്യാപിക്കുമെന്നാണ് സൂചന.