കെ റെയിൽ: സാമൂഹിക ആഘാതപഠനം പദ്ധതിക്ക് എതിരായാൽ കല്ലെടുത്ത് മാറ്റും
അതിരടയാളക്കല്ലിടാൻ റവന്യുവകുപ്പ് നിർദേശം നൽകിയിട്ടില്ലെന്ന് റവന്യു മന്ത്രി കെ രാജൻ. സിൽവർ ലൈൻ പദ്ധതിക്കായി കല്ലിടുന്നത് റവന്യു വകുപ്പല്ലെന്ന് മന്ത്രി പറഞ്ഞു. കെ റെയിലിന്റെ ആവശ്യപ്രകാരമാണ് റവന്യു വകുപ്പ് കല്ലിടുന്നത്. ഭീഷണിപ്പെടുത്തി ഭൂമി ഏറ്റെടുക്കുന്നത് സർക്കാർ നയമല്ല. സാമൂഹിക ആഘാതപഠനം പദ്ധതിക്ക് എതിരായാൽ കല്ലെടുത്ത് മാറ്റും. അതിരടയാള കല്ലിടുന്നത് സാമൂഹിക ആഘാത പഠനത്തിന് വേണ്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ബലപ്രയോഗത്തിലൂടെ സിൽവർ ലൈൻ പദ്ധതി നടപ്പാക്കില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു. റവന്യു ഉദ്യോഗസ്ഥർ ഒരു ഘട്ടത്തിലും ബലപ്രയോഗം നടത്തകിയിട്ടില്ല. മുഖ്യമന്ത്രിയുടെ വിശദീകരണത്തിനപ്പുറം ഒന്നും പറയാനില്ലെന്ന് റവന്യു മന്ത്രി ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു.
ഇതിനിടെ ഭൂപരിഷ്കരണ നിയമം അട്ടിമറിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. നിയമപരിധി ലംഘിച്ചതായി കണ്ടെത്തിയ കേസുകളിൽ ഭൂമി തിരിച്ച് പിടിക്കും. യൂണിക് തണ്ടപ്പേർ സംവിധാനം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് സിൽവർ ലൈൻ സർവേയിൽ അനിശ്ചിതത്വം തുടരുകയാണ്. ഇന്ന് കല്ലിടൽ ഉണ്ടാകുമോ എന്നതിൽ കെ റെയിൽ വ്യക്തത വരുത്തിയിട്ടില്ല. അഥവാ കല്ലിട്ടാൽ പ്രതിഷേധം കടുപ്പിക്കാനാണ് സമര സമിതികളും യുഡിഎഫും തീരുമാനിച്ചിരിക്കുന്നത്. പല സ്ഥലങ്ങളിലും സർവേ നടപടികൾ നിലച്ചിരിക്കുകയാണ്. കൂടുതൽ പൊലീസ് സംരക്ഷണം ഇല്ലാതെ കല്ലിടലുമായി മുന്നോട്ട് പോകാനാകില്ലെന്ന് സർവേ ഏജൻസികൾ കെ റെയിലിനെ അറിയിച്ചിട്ടുണ്ട്.

