സർക്കാരിന് ആശ്വാസം; വിവാദമായ ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു
വിവാദമായ ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. ഓർഡിനൻസിൽ ഒപ്പിടരുതെന്ന പ്രതിപക്ഷത്തിന്‍റെ അപേക്ഷ ഉൾപ്പടെ രാഷ്ട്രീയ വിവാദം ചൂടുപിടിച്ചിരുന്ന സമയത്തുണ്ടായ ഗവർണറുടെ നടപടി സർക്കാരിന് ആശ്വാസമായിരിക്കുകയാണ്. ഭേദഗതി അംഗീകരിച്ചതോടെ ലോകായുക്തയുടെ വിധി സർക്കാരിന് തള്ളാമെന്ന സുപ്രധാന വ്യവസ്ഥ നിയമമായിരിക്കുകയാണ്. ഓർഡിനൻസിനെതിരേ ഇടത് മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ തന്നെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.
അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം തലസ്ഥാനത്ത് തിരിച്ചെത്തിയ മുഖ്യമന്ത്രി ഞായറാഴ്ച വൈകിട്ട് രാജ്ഭവനിൽ എത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടിരുന്നു. ലോകായുക്തയുടെ 14−ാം വകുപ്പ് ഭരണഘടന വിരുദ്ധമായതുകൊണ്ടാണ് ഭേദഗതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി ഗവർണറെ ധരിപ്പിച്ചു. കൂടാതെ ഭേദഗതിക്ക് എജിയുടെ നിയമോപദേശമുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. പിന്നാലെയാണ് ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചത്. ഗവർണർ ഒപ്പിട്ടതോടെ ഓർഡിനൻസിനെതിരേ പ്രതിപക്ഷത്തിന്‍റെ നീക്കം എന്താകുമെന്നാണ് ഇനി ശ്രദ്ധാകേന്ദ്രം. സിപിഐയുടെ പ്രതികരണവും നിർണായകമാണ്.


