ദിലീപിനും കൂട്ടുപ്രതികൾക്കും ജാമ്യം


നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിനും കൂട്ടുപ്രതികൾക്കും മുൻ‌കൂർ ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി. പ്രോസിക്യൂഷന് വൻ തിരിച്ചടിയായിരിക്കുകയാണ് ഈ വിധി. ദിലീപിന് ജാമ്യം അനുവദിക്കില്ലെന്ന് പ്രതീക്ഷിച്ച അന്വേഷണ സംഘം ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിൽ തന്പടിച്ചിരിക്കുകയായിരുന്നു. ഹർജി തള്ളി, ജാമ്യം നിഷേധിച്ചാൽ ഉടൻ തന്നെ ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു ക്രൈം ബ്രാഞ്ച് ദിലീപിന്റെ വീടിന് മുന്നിൽ തന്പടിച്ചത്. എന്നാൽ, ഇപ്പോൾ കോടതി വിധി വന്നതോടെ വെറുംകൈയോടെ മടങ്ങി പോവുകയാണ് അന്വേഷണ സംഘം.

ദിലീപിന്‍റെ വീടായ പത്മസരോവരത്തിൽ‍ നിന്ന് രാവിലെ ജോലിക്കാർ‍ പോയിരുന്നു. വീട്ടിൽ‍ ആരുമില്ലെന്നാണ് ജീവനക്കാർ‍ പറഞ്ഞത്. ദിലീപിൻ്റെ സഹോദരൻ അനൂപിൻ്റെ വീടിന് മുന്നിലും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കാത്തിരുന്നിരുന്നു. എന്നാൽ കോടതി വിധി വന്നതോടെ രണ്ടിടത്ത് നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പിൻവലിയുകയായിരുന്നു.

ദിവസങ്ങൾ നീണ്ട വിചാരണയ്ക്ക് ഒടുവിൽ ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ദിലീപിന് പിന്നാലെ കൂട്ടുപ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് വ്യക്തമാക്കി ദിലീപ് നൽകിയ മറുപടി പരിഗണിച്ചാണ് കോടതിയുടെ നടപടി. ദിലീപിന്‍റെ വാദങ്ങളെ മുഖവിലക്കെടുത്താണ് കോടതി വിധിപ്രസ്താവം നടത്തിയത്. പ്രോസിക്യൂഷൻ‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം പച്ചക്കളളമെന്നാണ് പ്രതികൾ കോടതിയിൽ മറുപടി വാദം എഴുതി നൽകിയിരുന്നത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ്റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. ജാമ്യം ഉപാധി ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വാദം പൂർത്തിയായിരുന്നു. സാക്ഷി എന്ന നിലയിൽ ബാലചന്ദ്രകുമാറിൻ്റെ വിശ്വാസ്യതയിൽ യാതൊരു സംശയവും വേണ്ടെന്നും തൻ്റെ മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം കോടതി നിരസിക്കുന്നു കാഴ്ചയാണ് കാണുന്നത്. ബൈജു പൌലോസിൻ്റെ ഗൂഢാലോചനയാണ് ഈ കേസെന്ന് പ്രതിഭാഗം വാദം തള്ളിക്കൊണ്ട് കേസിലെ പരാതിക്കാരൻ മാത്രമാണ് ബൈജു പൌലോസെന്നും അല്ലാതെ അയാൾ അന്വേഷണസംഘത്തിൽ ഇല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.

വിധി പറയാനിരിക്കെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്‍റെ ഓ‍ഡിയോ സന്ദേശം ഇന്നലെ പുറത്തു വന്നിരുന്നു. തന്‍റെ 19 ലക്ഷം രൂപ കടം വീട്ടാൻ ദിലീപിടപെടണമെന്നാവശ്യപ്പെട്ടയച്ച ശബ്ദരേഖയാണ് പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയത്. ബാലചന്ദ്രകുമാറിന്‍റെ ആവശ്യങ്ങൾ നിരസിച്ചതിലുളള വൈരാഗ്യമാണ് തനിക്കെതിരായ വധഗൂഢാലോചനാക്കേസിന് കാരണമെന്നാണ് ദിലീപിന്‍റെ വാദം. ഉദ്യോഗസ്ഥരെ വധിക്കണമെന്ന് ദിലീപും സഹോദരൻ അനൂപും പറയുന്ന ഓഡിയോ ബാലചന്ദ്രകുമാ‍ർ പുറത്തു വിട്ടതിന് പിന്നാലെയാണ് ദിലീപ് ക്യാംപിൽ നിന്നും ഈ ഓഡിയോ ക്ലിപ്പ് പുറത്തു വന്നത്.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed